ചെറുതോണി
ജില്ലാ ആസ്ഥാനവികസനത്തിന് ശക്തിപകർന്ന് എൽഡിഎഫ് സർക്കാർ. നിരവധി സർക്കാർ ഓഫീസുകളാണ് ഇക്കാലയളവിൽ ജില്ലാ ആസ്ഥാനത്തേയ്‌ക്ക് എത്തിയത്. ഏറ്റവും ഒടുവിൽ ശനിയാഴ്ച എക്സൈസ് വകുപ്പിന്റെ ജില്ലാ ഡിവിഷൻ ഓഫീസും ഇവിടെ പ്രവർത്തനം തുടങ്ങി. ജില്ലാ ആസ്ഥാനത്ത് സർക്കാർ ഓഫീസുകൾ നിർമിക്കാൻ സ്വകാര്യ ഭൂമി ലഭ്യമല്ലായിരുന്നു. ജില്ല രൂപീകരണകാലം മുതൽ നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധിയാണിത്. വനഭൂമിയായിരുന്നു ജില്ലാ ഭരണകേന്ദ്രത്തിന്റെ ചുറ്റുമുണ്ടായിരുന്നത്.
1996 ൽ നായനാർ സർക്കാരിന്റെ കാലത്ത് 1000 ഏക്കർ വനഭൂമി ജില്ലാ ആസ്ഥാന വികസനത്തിന് വിട്ടുകൊടുത്തതോടു കൂടിയാണ് ഇടുക്കിയുടെ തലവര തെളിയുന്നത്. ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിന് 40 ഏക്കർ ഭൂമിയും നഴ്സിങ് കോളജിന് 10 ഏക്കർ ഭൂമിയും ഇടുക്കി എൻജിനിയറിങ് കോളജിന് 15 ഏക്കർ ഭൂമിയും ഉൾപ്പടെ നായനാർ സർക്കാരിന്റെ കാലത്ത് അനുവദിച്ച ഭൂമിയിലാണ് പ്രധാനവികസന പദ്ധതികളെല്ലാം പൂർത്തിയാക്കിയത്. പിണറായി സർക്കാരിന്റെകാലത്ത് ഒട്ടനവധി ജില്ലാ ഓഫീസുകൾ ഇവിടേക്ക് എത്തി. ജില്ലാ ഫിഷറീസ് ഓഫീസ്, പട്ടിക ജാതി വികസന ഓഫീസ്, സ്പോർട്സ് കൗൺസിൽ, സാമൂഹ്യനീതി, വനിത -ശിശുക്ഷേമം, വനിത വികസന കോർപ്പറേഷൻ, ഡിവൈഎസ്‌പി ഓഫീസ് ഉൾപ്പെടെയുള്ളവ സമീപകാലത്ത് എത്തിയിരുന്നു.
തയ്യൽ തൊഴിലാളി ക്ഷേമനിധി, മോട്ടോർ തൊഴിലാളി ക്ഷേമനിധി, ചുമട്ടു തൊഴിലാളി ക്ഷേമനിധി, പിന്നാക്ക വിഭാഗ കോർപ്പറേഷൻ, പട്ടികജാതി– - വർഗ വികസന കോർപ്പറേഷൻ റീജിയണൽ ഓഫീസ് തുടങ്ങിയ ഓഫീസുകൾ എൽഡിഎഫ് സർക്കാരുകൾ കൊണ്ടുവന്നതാണ്. തൊടുപുഴയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജില്ലാ വ്യവസായ കേന്ദ്രം, കോട്ടയം പള്ളത്ത് ഉണ്ടായിരുന്ന കെഎസ്ഇബി ഇലക്ട്രിക് സ്റ്റോർ, ജില്ലാ ഹൈഡൽ ടൂറിസം, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, എംആർഎസ് സ്കൂൾ, ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക്ക്, ജില്ലാ നിർമിതി കേന്ദ്രം തുടങ്ങിയ ഓഫീസുകളെല്ലാം ജില്ലാ ആസ്ഥാനത്തേക്ക് എത്തിയത് എൽഡിഎഫ് ഭരണകാലയളവിലാണ്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അനുവദിച്ചിട്ടുള്ള കെഎസ്ആർടിസി സബ് ഡിപ്പോ, കിൻഫ്രയുടെ ഫുഡ് പാർക്ക്, കുടിയേറ്റ സ്മാരക മന്ദിരം, ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ലേസർ ഷോ, ഇറിഗേഷൻ മ്യൂസിയം തുടങ്ങിയ പദ്ധതികൾ ഉടൻ പ്രവർത്തന പഥത്തിലേക്ക് എത്തുകയാണ്. ചെറുതോണി ടൗൺ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള റോഡ് വീതികൂട്ടുന്നതിനുള്ള നിർമാണം ഉടൻ പുനരാരംഭിക്കുന്നതോടു കൂടി ജില്ലാ ആസ്ഥാന വികസനം കുതിച്ചുയരുമെന്ന് ഉറപ്പാണ്. മെഡിക്കൽ കോളേജിൽ മൂന്നാം ബാച്ച് ആരംഭിച്ചതോടുകൂടി 300 മെഡിക്കൽ വിദ്യാർഥികളാണ് ഇപ്പോൾ പഠനം നടത്തുന്നത്. നഴ്സിങ് കോളജിൽ 120 വിദ്യാർഥികളും പഠിച്ചുവരുന്നു. 880 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളജിൽ ഇതിനോടകം നടന്നു കഴിഞ്ഞിട്ടുള്ളത്. ജില്ലാ എക്സൈസ് ഓഫീസ് ജില്ലാ ആസ്ഥാനത്തേയ്‌ക്ക് എത്തിക്കുന്ന ശക്തമായ തീരുമാനം എടുത്ത വകുപ്പ് മന്ത്രി എം ബി രാജേഷിനെ അഭിനന്ദിക്കുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..