കുമളി
"മിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാ" (എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നാൽ നമ്മുടെ സ്വരമാവും) എന്ന് ദൂരദർശന്റെ മനോഹരമായ ടൈറ്റിൽ സോങ് കേൾക്കാത്ത മലയാളികളുണ്ടാവില്ല. തടാകത്തിലൂടെ നീന്തികരയ്ക്ക് കയറുന്ന ആനക്കൂട്ടവും തേക്കടി ബോട്ട് ലാൻഡിങ്ങിന് സമീപം ആനപ്പുറത്തിരുന്ന് പാപ്പാൻ കൃഷ്ണൻ അയ്യപ്പനാണ് പാടുന്നതായി അഭിനയിച്ചത്. 1988 ആഗസ്റ്റ് 15ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന്ശേഷം, ദൂരദർശൻ ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കാൻ ഈഗാനമാണ് പ്രദർശിപ്പിച്ചത്. ഗാനം പുറത്തിറങ്ങിയിട്ട് വ്യാഴാഴ്ച 36 വർഷം പൂർത്തിയാകും.
തേക്കടിയിൽ വിനോദ സഞ്ചാരികൾക്കായി സവാരി നടത്തുന്ന ആനകളെ പരിപാലിച്ചിരുന്നത് മന്നാൻ വിഭാഗത്തിലെ പാപ്പാൻ കൃഷ്ണൻ അയ്യപ്പനാണ്. ആ ഇടയ്ക്കാണ് പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം കെ ആർ വിജയ ‘ചിത്തിക’ എന്ന സിനിമയ്‌ക്കായി തേക്കടിയിൽ എത്തുന്നത്.
തേക്കടി ബോട്ട് ലാൻഡിങ്ങിന് സമീപം ആന സവാരി നടത്തുന്ന കൃഷ്ണൻ അയ്യപ്പനെ കെ ആർ വിജയയുടെ കൂടെയുള്ളവരാണ് കൗതുകത്തിന് വീഡിയോ ചിത്രീകരിച്ചത്. തേക്കടിയിൽ ചിത്രീകരിച്ച ഈ രംഗവും തടാകത്തിലുടെ നീന്തുന്ന ആനയുടെയും ദൃശ്യവും ദൂരദർശന്റെ ഗാനത്തിൽ പിന്നീട് ചേർക്കുകയായിരുന്നു. ആറ് മിനിറ്റ് 10 സെക്കൻഡുള്ള ഗാനത്തിൽ 13 ഇന്ത്യൻ ഭാഷകളെയും സംസ്കാരങ്ങളെയും ഉൾപ്പെടുത്തിയിരുന്നു.
ദിവസങ്ങൾക്ക് ശേഷം തേക്കടി വനംവകുപ്പിലെ ജീവനക്കാരാണ് ഗാനരംഗം കൃഷ്ണൻ അയ്യപ്പനെ കാണിക്കുന്നത്. അവനോ അതോ അവളോ എന്ന ജയൻ സിനിമയിൽ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ തേക്കടിവനത്തിലെ ആന സവാരിയുടെ ദൃശ്യങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്. 1970 കളിൽ തേക്കടിയിൽ വിനോദ സഞ്ചാരികൾക്കായി വനംവകുപ്പ് ആരംഭിച്ച ആനസവാരി 1997ൽ അവസാനിപ്പിച്ചു. പാർവതി, രൂപ, ലക്ഷ്മി, ജയശ്രീ തുടങ്ങിയ അഞ്ച് ആനകളാണ് ആനവാരിക്കുണ്ടായിരുന്നത്. ഇതിൽ ചിലതിന് പിന്നീട് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. പാപ്പാൻ കൃഷ്ണൻ അയ്യപ്പനും നാലുവർഷം മുമ്പ് മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..