മാങ്കുളം
തീരുമാനിക്കപ്പെട്ട തീയതിക്കും ഏറെ മുമ്പ് മാങ്കുളം പദ്ധതിയുടെ ഭാഗമായ തുരങ്കം പൂർത്തിയായതിന്റെ ആഹ്ലാദത്തിലും ചാരിതാർഥ്യത്തിലുമാണ് ജീവനക്കാരും കരാറുകാരും നാട്ടുകാരും. 80 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കെഎസ്ഇബിയുടെ മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ 2.5 കിലോമീറ്റര്‍ ദൈർഘ്യമുള്ള മുഖ്യതുരങ്കം വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തുറന്നത്. രണ്ട് വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നരവർഷം കൊണ്ട് പൂർത്തിയായി. 'ടാംറോക്ക്' എന്ന അഡ്വാൻസ്ഡ് മെഷിനറി ഉപയോഗിച്ച് ദൃഢതയുള്ള പാറ തുരക്കുകയായിരുന്നു. ഇടയില്‍ ചില ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയിരുന്നു. മാറിവന്ന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും നാട്ടുകാരുടെ സഹകരണവുമാണ് അതിവേഗം പ്രവൃത്തി പൂർത്തീകരിക്കാൻ കെഎസ്ഇബിയെ സഹായിച്ചത്.
കുറത്തിക്കുടിയിൽ വിഭാവനം ചെയ്തിരിക്കുന്ന പവർ ഹൗസിലേക്കുള്ള റോഡിലെ പുതിയ പെരുമ്പൻകുത്ത് പാലവും 511 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും 94 മീറ്റർ നീളത്തിൽ അഡിറ്റ് ടണലും അഡിറ്റിലേക്കുള്ള രണ്ട് കിലോമീറ്റർ വനപാതയും 110 മീറ്റർ ലോ പ്രഷർ ഷാഫ്ടും 90 മീറ്റർ ആഴമുള്ള സർജും മാങ്കുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം പൂർത്തിയായി. സ്ഥലമെടുപ്പ് വളരെ നേരത്തെ പൂർത്തിയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ഇഛാശക്തിയും മന്ത്രിയായിരുന്ന എം എം മണി എംഎൽഎയുടെ പ്രതിബദ്ധതയുമാണ് പദ്ധതി പ്രാവർത്തികമാകാൻ കാരണമായത്. മാങ്കുളത്തുനിന്നാരംഭിച്ച് വിരിപാറ ഇൻടേക്ക് വരെയെത്തുന്നതാണ് തുരങ്കം. നൂറോളം വരുന്ന തൊഴിലാളികളുടെ രാപകലില്ലാതെയുള്ള അധ്വാനവും ശ്രദ്ധേയമായി. തുരങ്കം തുറന്ന ചടങ്ങിൽ ഡയറക്ടർ(ജനറേഷൻ) ജി സജീവ്, ചീഫ് എൻജിനിയർ (പ്രോജക്ട്) പ്രസാദ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ(സിവിൽ സർക്കിൾ മീൻകട്ട്) പ്രമീളദേവി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..