22 December Sunday

കയറ്റുമതി യാഥാര്‍ഥ്യമാകുന്നു: സർക്കാർ സംരംഭമായ ഹില്ലി അക്വയ്ക്ക് ആദ്യ ഓര്‍ഡറായി

നന്ദു വിശ്വംഭരൻUpdated: Tuesday Nov 12, 2024

തൊടുപുഴ > സർക്കാർ കുപ്പിവെള്ളമായ ഹില്ലി അക്വയ‍്ക്ക് വിദേശ കയറ്റുമതിക്കുള്ള ആദ്യ ഓർഡർ ലഭിച്ചു. കുപ്പിവെള്ളം ഗൾഫ് നാടുകളിലേക്ക് കയറ്റി അയയ്‍ക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ദുബായിൽനിന്ന് ആദ്യ ഓർഡർ സ്ഥിരീകരിച്ചത്. ദുബായ് ആസ്ഥാനമായ എക്‍സ്‍പോർട്ടിങ് കമ്പനി ആരോഹണ ജനറൽ ട്രേഡിങ് എൽഎൽസിയാണ് ഹില്ലി അക്വ കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്നത്. കമ്പനിതന്നെയാണ് ഓർഡർ തന്നിട്ടുള്ളത്. 

അര, ഒന്നര, 20ലിറ്റർ ജാറുകളുടെ ഒന്നുവീതം കണ്ടെയ്‍നറുകളാണ് ആദ്യ ഓർഡറിൽ. ഇത് ആവർത്തിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഒരു കണ്ടെയ്‍നറിൽ എത്ര ഉൾക്കൊള്ളിക്കാനാകുമോ അത്രയും കയറ്റിയയ്‍ക്കാം. ഒരിനം കയറ്റുന്ന  കണ്ടെയ്‍നറിൽ അത് മാത്രമേ പാടുള്ളു. 20 ലിറ്ററിനുള്ള ജാർ തരേണ്ടത് ആരോഹണ കമ്പനി തന്നെയാണ്. കണ്ടെയ്‍നർ ലോഡ് ചെയ്‍താൽ വിഴിഞ്ഞത്തുനിന്നോ കൊച്ചിയിൽനിന്നോ കയറ്റിയയയ്‍ക്കാം. കമ്പനി അവരുടെ വിപണി പഠിച്ചശേഷമാണ് ഓർഡർ തന്നിട്ടുള്ളത്. വില 30 മുതൽ 40 ശതമാനം വരെ വർധിപ്പിച്ചാണ് കയറ്റുമതി. അടുത്ത സാമ്പത്തിക വർഷം 25 കോടിയുടെ കുപ്പിവെള്ളം വിറ്റഴിക്കാനാണ് ലക്ഷ്യം. ഇതിലേക്കെത്താൻ കയറ്റുമതി ആരംഭിക്കുന്നത് സഹായകരമാകുമെന്നും അധികൃതർ പറഞ്ഞു. 
 
ആരോഹണ കമ്പനിയുടെ എംബ്ലവും ഗുണമേന്മ സംബന്ധിച്ച വിവരങ്ങൾ അറബിയിലും രേഖപ്പെടുത്തുന്ന ലേബൽ തയാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ഉൽപ്പാദനം ഹില്ലി അക്വയെന്നും വിപണനം ആരോഹണ എൽഎൽസിയെന്നും ലേബലിലുണ്ടാകും. 15നോ 16നോ ലേബൽ ലഭ്യമാകും. അങ്ങനെയെങ്കിൽ അഞ്ചുദിവസത്തിനുള്ളിൽ കയറ്റുമതി ആരംഭിക്കാം. പൂനെയിൽനിന്നാണ് ലേബൽ എത്തേണ്ടത്. 
 
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും എക്‍സ്‍പോർട്ടിങ് കമ്പനിയുമായി മൂന്നുവർഷ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനി ഗൾഫ് നാടുകളിലേക്ക് കുപ്പിവെള്ളം കയറ്റി അയയ്‍ക്കുന്നത്. കയറ്റുമതി ലൈസൻസായ ഇംപോർട്ട്, -എക്പോർട്ട് കോഡ്(ഐഇ കോഡ്) നേടി. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ്(കിഡ്ക്) ഹില്ലി അക്വ നിർമിച്ച് വിതരണംചെയ്യുന്നത്. തൊടുപുഴ മലങ്കരയിലും തിരുവനന്തപുരം അരുവിക്കരയിലുമുള്ള ഡാമുകളിലെ വെള്ളം ഉപയോഗിച്ചാണ് ഉൽപ്പാദനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top