22 November Friday

ചന്ദനക്കാട്‌ വികസിപ്പിക്കാൻ വനംവകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

നാച്ചിവയൽ ചന്ദന റിസർവിൽ ചന്ദനത്തെകൾ നട്ടപ്പോൾ

 മറയൂർ

മറയൂർ ചന്ദനക്കാടുകളെ സമ്പന്നമാക്കി 30,620 ചന്ദനത്തൈകൾനട്ട്‌ മറയൂർ ചന്ദന ഡിവിഷൻ. നാച്ചിവയൽ ചന്ദന റിസർവിലെ വിവിധ ഭാഗങ്ങളിലായാണ്‌ ചന്ദനത്തെകൾ നട്ടത്‌. വളർച്ചയെത്തുമ്പോൾ 10,000 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ വനംവകുപ്പിന് സ്വന്തമാകും. ഇന്ത്യയിൽ സ്വാഭാവികമായി ചന്ദനമരങ്ങൾ വളരുന്ന ഏക മേഖലയാണ് മറയൂരിലെ ചന്ദനക്കാടുകൾ. പക്ഷികൾ വിത്തുകൾ വിസർജിക്കുന്നതിലൂടെ ഉൾപ്പെടെ സ്വാഭാവിക വനവൽക്കരണം നടക്കും. 30 സെന്റിമീറ്ററിൽ കൂടുതൽ വണ്ണമുള്ള 60,000 തൈകളാണ് നിലവിൽ മേഖലയിലുള്ളത്.
2004ന് മുമ്പ്‌ രണ്ട്‌ ലക്ഷത്തിലധികം ചന്ദനമരങ്ങൾ വനമേഖലയിലും 50,000 ചന്ദനമരങ്ങൾ സ്വകാര്യ ഭൂമിയിലും ഉണ്ടായിരുന്നു. മോഷണം വ്യാപകമായതോടെ എണ്ണത്തിൽക്കുറവുണ്ടായി. ചന്ദന ഡിവിഷൻ രൂപികരിച്ചതോടുകൂടി മോഷണം കുറഞ്ഞു. എങ്കിലും മരത്തിന്റെ എണ്ണം 60,000ൽ എത്തി. സ്വകാര്യ ഭൂമിയിൽ നിന്നും 90 ശതമാനവും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് വനമേഖലയിൽ ചന്ദനമരങ്ങൾ നട്ടുപിടിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.
ഒരു കിലോ ചന്ദന കാതലിന് ശരാശരി 15,000 രൂപ മുതൽ 20,000 രൂപ വരെ ലേലത്തിൽ വില ലഭിക്കും. വളർച്ചയെത്തിയ ചന്ദനമരത്തിന് 25 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെയാണ്‌ വില. ഒരു മരം പൂർണ വളർച്ചയെത്താൻ 40 മുതൽ 100 വർഷംവരെ കാത്തിരിക്കണം.
ചന്ദന ചരിതം
1910–1920 കാലഘട്ടങ്ങളിൽ ഇംഗ്ലീഷുകാരുടെ നേതൃത്വത്തിൽ മറയൂരിലെ കിളികൂട്ടുമല, നാച്ചിവയൽ, കാന്തല്ലൂരിലെ പാളപ്പെട്ടി, വണ്ണാന്തുറൈ എന്നീ വനമേഖലകളിൽ വ്യാപകമായി ചന്ദനത്തൈകൾ നട്ടുവളർത്തിയിരുന്നു. പിന്നീട് പലമേഖലകളിലും പല തവണ ചന്ദനപ്ലാന്റേഷൻ ഒരുക്കിയെങ്കിലും വിജയിച്ചിരുന്നില്ല. 100 വർഷങ്ങൾക്ക് ശേഷമാണ് നാച്ചിവയൽ ചന്ദനറിസർവിൽ മഞ്ഞപ്പെട്ടി മേഖലയിൽ രണ്ടു ഹെക്ടറിൽ 4600 ചന്ദനത്തൈകൾ നട്ടുപരിപാലിച്ചത്‌. പരീക്ഷണം വിജയിച്ചതോടെ ആറിടങ്ങളിലായി 25,000 ചന്ദനത്തൈകൾ നടുന്ന പദ്ധതി നടപ്പാക്കി.
പുതിയ 
പ്ലാന്റേഷനുകൾ 
എവിടെ
2019–20ലാണ് ആദ്യ ചന്ദന പ്ലാന്റേഷൻ നാച്ചിവയൽ മഞ്ഞപ്പെട്ടിയിൽ ആരംഭിച്ചത്. ഇവിടെ രണ്ട് ഹെക്ടറിൽ 4600 ചന്ദനത്തൈകൾ പരിപാലിക്കുന്നുണ്ട്‌. 2020–-21 കോഴിപ്പണ്ണയിൽ രണ്ടു ഹെക്ടറിൽ 4800 തൈകളും 2021–--22ൽ നാച്ചിവയൽ കല്യാണമണ്ഡപത്തിന്‌ സമീപം മൂന്നു ഹെക്ടറിൽ 5000 തൈകളും വച്ചുപിടിപ്പിച്ചു. 2022–-23ൽ കുപ്പനോട ബീറ്റ് ഒന്നിൽ 2.7 ഹെക്ടറിൽ 3100 തൈകളും ബീറ്റ് രണ്ടിൽ 3.45 ഹെക്ടറിൽ 5520 തൈകളും അക്കര ശീമയിൽ 3.85 ഹെക്ടറിൽ 5100 തൈകളും 2023-24 ൽ അക്കര ശീമ ഫെൻസിങ്ങിന് സമീപം 2500 ചന്ദനതൈകളുമാണ് നട്ടത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top