ചെറുതോണി
സംസ്ഥാന സ്കൂൾ കായികമേളയിൽ മിന്നുംജയം നേടി നാട്ടിൽ തിരിച്ചെത്തിയ കാൽവരിമൗണ്ടിന്റെ പൊൻതാരകങ്ങൾക്ക് ജന്മനാടിന്റെ സ്നേഹാദരം. കൂട്ടക്കല്ല് കമ്യൂണിറ്റിഹാളിലാണ് നാട്ടുകാർ ഒത്തുചേർന്ന് കായിക പ്രതിഭകളെ വരവേറ്റത്. എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ 100 മീറ്ററിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയും നേടിയ ദേവപ്രിയ ഷൈബു പാലത്തുംതലയ്ക്കൽ, ഒപ്പം സീനിയർ വിഭാഗം 3000, 1500, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ അലീന സജി മാക്കലിനുമാണ് കാൽവരിമൗണ്ട് പൗരാവലി സ്വീകരണമൊരുക്കിയത്. ഇരുവരും കാൽവരി ഹൈസ്കൂളിലെ വിദ്യാർഥികളാണ്. ചെറുപ്രായത്തിൽ തന്നെ പ്രതിസന്ധികളെ അതിജീവിച്ച് നാട്ടിൻപുറത്തെ പരിമിതമായ പരിശീലന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് താരങ്ങൾ കുതിച്ചുയർന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് കായിക പ്രതിഭകളെ പൊന്നാടയണിയിച്ച് അനുമോദിച്ചു. നാടിന്റെ മുഴുവൻ പിന്തുണയും താരങ്ങൾക്ക് ഉണ്ടെന്നും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ജില്ലയൊന്നാകെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ഉയർന്നുവരുന്ന പ്രതിഭകൾക്ക് മികച്ച പരിശീലനം നേടുന്നതിനായി കാൽവരിമൗണ്ടിൽ സ്പോർട്സ് അക്കാദമി ആരംഭിക്കുന്ന കാര്യം കായിക മന്ത്രിയുമായി ചർച്ചചെയ്യുമെന്നും സി വി വർഗീസ് പറഞ്ഞു. ദേശാഭിമാനി ഏജന്റ് പാലത്തുംതലയ്ക്കൽ ഷെെബുവിന്റെ മകളാണ് ദേവപ്രിയ.
ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, സിപിഐ എം ഇടുക്കി ഏരിയ കമ്മറ്റിയംഗം കെ ജെ ഷൈൻ, ലോക്കൽ സെക്രട്ടറി എം വി ജോർജ്, വി എൻ പ്രഹ്ളാദൻ, മോളിക്കുട്ടി ജെയിംസ്, എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..