14 November Thursday
ഏലക്കാവില 2600 കടന്നു: പച്ചഏലക്കയ്ക്ക് 500 വരെ

പച്ചപ്പൊന്ന് തിളങ്ങുന്നു

അജിന്‍ അപ്പുക്കുട്ടന്‍Updated: Tuesday Nov 12, 2024
കട്ടപ്പന
ഏലക്കാ വിലയിൽ വീണ്ടും ഉണർവ്. സ്‌പൈസസ് ബോർഡിന്റെ ഇ-–ലേലത്തിൽ ശരാശരി വില 2660 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ 200 രൂപയുടെ വർധന കർഷകർക്ക് നേരിയ പ്രതീക്ഷനൽകുന്നു. ഹൈറേഞ്ചിലെ കമ്പോളത്തിൽ 2500നും 2550നുമിടയിൽ വില ലഭിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ നടന്ന ശാന്തൻപാറ സിപിഎ ഏജൻസിയുടെ ലേലത്തിൽ ഉയർന്ന വില 2806 ഉം ശരാശരി 2579.24 രൂപയുമാണ്. 134 ലോട്ടുകളിലായി പതിഞ്ഞ 28,605 കിലോ ഏലക്കയിൽ 28,085 കിലോയും വിറ്റുപോയി. ഉച്ചകഴിഞ്ഞ് നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ ഉയർന്ന വില 3148 ഉം ശരാശരി 2660.82 ഉം ആണ്. 315 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 96,026 കിലോ ഏലക്കയിൽ 95,543 കിലോയും വിറ്റുപോയി. ഏപ്രിൽ അവസാനത്തോടെയാണ് വില 2000 കടന്നത്. പിന്നീട് ഇടിവുണ്ടായിട്ടില്ല.
വലിയ സീസണിൽ തോട്ടങ്ങളിലും പുരയിടങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുകയാണ്. വരൾച്ചയെ തുടർന്നുണ്ടായ വൻകൃഷിനാശം ഉൽപാദനം ഗണ്യമായി കുറച്ചതോടെ ഇപ്പോഴത്തെ വില വർധന കർഷകർക്ക് പ്രയോജനപ്പെടില്ല. ഭൂരിഭാഗം പേരും വിളവെടുക്കുന്ന ഉൽപ്പന്നം അപ്പോൾതന്നെ വിൽക്കുന്നു. 
പച്ചഏലക്കാവില 480 മുതൽ 500 രൂപ വരെയാണ്. വരൾച്ചയിൽ മാത്രം 60 ശതമാനത്തോളം ഏലച്ചെടികൾ നശിച്ചിരുന്നു. 16,220 ഹെക്ടർ സ്ഥലത്തെ ഏലംകൃഷി നാമാവശേഷമായി. നഷ്ടം 100 കോടിയിലേറെ. അവശേഷിച്ചിരുന്ന ചെടികളിലെ ഉൽപ്പന്നമാണിപ്പോൾ കമ്പോളങ്ങളിൽ എത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top