തൊടുപുഴ
ജില്ലയിലെ യുഡിഎഫിൽ കലാപം. തൊടുപുഴ നഗരസഭ ചെയർപേഴ്‍സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയാണ് നാളുകളായി പുകയുന്ന യുഡിഎഫിനകത്തെ പടലപ്പിണക്കങ്ങളും അസംതൃപ്‍തിയും പുറത്തെത്തിച്ചത്. അർഹിച്ച പരിഗണന കിട്ടുന്നില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും ലീഗിന്റെ ചെലവിലല്ല തങ്ങളെന്ന് ഡിസിസി പ്രസിഡന്റും പരസ്യമായി വ്യക്തമാക്കി. ഇരുകക്ഷികളും മുന്നണി മര്യാദ പാലിച്ചില്ലെന്ന് ജോസഫ് വിഭാഗം പ്രതിനിധിയും പറഞ്ഞതോടെ ജനങ്ങൾക്ക് മുന്നിൽ യുഡിഎഫിന്റെ തനിനിറം പുറത്തായി.
എൽഡിഎഫിന്റെ 12നെതിരെ 13 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ചെയർമാൻ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ മുസ്ലിം ലീഗും കോൺഗ്രസും വെവ്വേറെ സ്ഥാനാർഥികളെ മത്സരിപ്പിച്ചു. ആദ്യ റൗണ്ടിൽ തന്നെ ലീഗ് സ്ഥാനാർഥി പുറത്തായി. മൂന്നാം റൗണ്ടിൽ ബിജെപി വിട്ടുനിന്നു. ഇതോടെ 14 വോട്ടുകൾ നേടി എൽഡിഎഫ് വിജയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ യുഡിഎഫ് ക്യാമ്പിൽ ചെയർമാൻ സ്ഥാനത്തേച്ചൊല്ലിയുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചിരുന്നു. 2020ലെ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോസഫ് ജോണാണ് യുഡിഎഫിനായി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്. അന്ന് ചെയർമാനാകാൻ ആദ്യാവസരം ജോസഫ് ജോണിനും ശേഷം ലീഗ്, കോൺഗ്രസ് എന്നുമായിരുന്നു ധാരണ. എന്നാൽ പിന്നീടുണ്ടായ രാഷ്‍ട്രീയ ചർച്ചകൾക്കൊടുവിൽ എൽഡിഎഫ് ഭരണത്തിലെത്തി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജിന് എൽഡിഎഫ് പിന്തുണ നൽകി. ഇപ്പോൾ യുഡിഎഫിലെ അധികാരമോഹമാണ് വെളിച്ചത്തായത്. ചെയർമാൻ സ്ഥാനത്തിനായി ലീഗും കോൺഗ്രസും പിടിമുറുക്കി. തിങ്കൾ രാവിലെയും സമവായത്തിലെത്തിയില്ല. ഇതോടെയാണ് രണ്ടുകക്ഷികളും തങ്ങളുടെ സ്ഥാനാർഥികളെ മത്സരിപ്പിച്ചത്. ലീഗ് സ്ഥാനാർഥി ഒഴിവാക്കപ്പെട്ടതോടെ നഗരസഭയ്ക്കകത്തും പുറത്തും കോൺഗ്രസ്, ലീഗ് പ്രവർത്തകർ ചീത്തവിളിയും ഏറ്റുമുട്ടലുമായി. പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ പോലും മാനിക്കാതെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം തീരുമാനങ്ങൾ എടുക്കുകയാണെന്നാണ് ലീഗിന്റെ ആക്ഷേപം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..