തൊടുപുഴ
നഗരസഭ ചെയർപേഴ്‍സണ്‍ തെരഞ്ഞെടുപ്പിൽ അവസരവാദ സ്വഭാവം പുറത്തുകാട്ടി മുൻ ചെയർമാൻ സനീഷ് ജോർജ്. അഴിമതിക്കേസിൽ സ്ഥാനം നഷ്ടമായ സനീഷ് ജോർജ് ചെയർപേഴ്‍സണ്‍ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയതു. 2020ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് സനീഷ് ജയിച്ചത്. കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന ഇദ്ദേഹത്തെ കോണ്‍ഗ്രസ് പരിഗണിച്ചില്ല. ഒമ്പതാം വാർഡില്‍നിന്ന് ജയിച്ച ജെസ്സി ജോണിയോടും വൈസ് ചെയർപേഴ്‌സണാക്കാമെന്ന വാക്ക് യുഡിഎഫ് പാലിച്ചില്ല. ഇതോടെ ഇരുവരും എൽഡിഎഫിനൊപ്പം ചേരുകയായിരുന്നു. സ്വതന്ത്രനായ സനീഷ് ജോർജിന് ചെയർപേഴ്‍സണ്‍ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണ നൽകുകയും സനീഷ് ജോർജ് വിജയിക്കുകയുംചെയ്‍തു.
തൊടുപുഴയിലെ ഒരു സ്‌കൂളിന് ഫിറ്റ്നസ് സർടിഫിക്കറ്റ് നൽകാൻ അസി. എൻജിനിയർ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സനീഷ് ജോർജ് രണ്ടാം പ്രതിയായതോടെ സ്ഥാനം രാജിവയ്‌ക്കാൻ എൽഡിഎഫ് ആവശ്യപ്പെട്ടു. രാജിസന്നദ്ധത അറിയിച്ചുപോയ ഇദ്ദേഹം കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റിന്റെ സഹായത്തോടെ മുൻകൂർ ജാമ്യം വാങ്ങി. ഇതേത്തുടർന്ന് എൽഡിഎഫ് സനീഷിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുകയും അവിശ്വാസത്തിന് നോട്ടീസ് നൽകുകയും ചെയ്‌തു. ഗത്യന്തരമില്ലാതെ രാജിവച്ച ഇദ്ദേഹം തുടർന്ന് നിഷ്‌പക്ഷ നിലപാട് സ്വീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം വാങ്ങിയതുമുതല്‍ സനീഷ് ജോര്‍ജ് കോണ്ഗ്രസുകാര്ക്കൊപ്പമായിരുന്നു. പലതവണ ഇവരുടെ യോഗങ്ങളിലും പങ്കെടുത്തതായി അറിയാൻ കഴിഞ്ഞു.
അഴിമതിക്കാരനായ ചെയർമാനെതിരെ യുഡിഎഫ് നടത്തിയ സമരം ജനങ്ങളെ കബളിപ്പിക്കാനാണെന്നും സനീഷ് ജോർജ് കോൺഗ്രസ് പാളയത്തിലാണെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞത് ശരിവയ്ക്കുന്നതായി സനീഷിന്റെ ഇപ്പോഴത്തെ നിലാപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..