കട്ടപ്പന
വൈവിധ്യത്തിന്റെയും രുചിപ്പെരുമയുടെയും ഓണമൊരുക്കാൻ കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്‍ക്ക് കട്ടപ്പന ഗാന്ധി സ്‍ക്വയറിൽ തുടക്കമായി. നഗരസഭ ചെയർപേഴ്‍സൺ ബീന ടോമി ഉദ്ഘാടനംചെയ്‍തു. സ്ഥിരംസമിതി അധ്യക്ഷ ജാൻസി ബേബി അധ്യക്ഷയായി. ഉപഭോക്താക്കൾക്ക് ന്യായവിലയ്‍ക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ, ജെഎൽജി കർഷകരുടെ പച്ചക്കറികൾ, അച്ചാറുകൾ, സ്‌ക്വാഷുകൾ, പലഹാരങ്ങൾ, കറി പൗഡറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ വാങ്ങാം. കുടുംബശ്രീ ബ്രാൻഡായ ഫ്രഷ് ബൈറ്റ്സിന്റെ ശർക്കരവരട്ടിയും കായ വറുത്തതും ഈ തവണത്തെ ഓണം വിപണിയുടെ മാറ്റുകൂട്ടുന്നു. ജില്ലയിൽ 10 സംരംഭകരെ ചേർത്താണ് പദ്ധതി. 100, 250 ഗ്രാമുകളുടെ പായ‍്‍ക്കറ്റുകളാണ് വിൽപ്പനയ്‍ക്കെത്തിയിട്ടുള്ളത്. 55 സിഡിഎസുകളിലായി 110 ഓണച്ചന്തകളാണ് നടത്തുന്നത്. ഇതിന് പുറമേയാണ് കട്ടപ്പന നഗരസഭ സിഡിഎസുകളുടെ നേതൃത്വത്തിൽ ജില്ലാ വിപണനമേള. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഐബിമോൾ രാജൻ ആദ്യ വിൽപ്പന നടത്തി. മനോജ് മുരളി ഏറ്റുവാങ്ങി. 14വരെയാകും പ്രവർത്തനം. കട്ടപ്പന കുടുംബശ്രീ സിഡിഎസ് ഒന്ന്, രണ്ട് ചെയർപേഴ്സൺമാരായ രത്നമ്മ സുരേന്ദ്രൻ, ഷൈനി ജിജി, സിഡിഎസ് അംഗങ്ങൾ, വാർഡ് അംഗങ്ങൾ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ അശ്വിനി സുബ്രഹ്മണ്യൻ, ചിഞ്ചു വി ചെല്ലം, ലിന്റു മരിയ, മനു സോമൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..