തൊടുപുഴ
ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിൽ ജില്ലയിൽ വീണ്ടെടുത്തത് 621.49 കിലോമീറ്റർ നീർച്ചാൽ. സംസ്ഥാനത്തെ നീർച്ചാലുകൾ ജനകീയമായി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കാൻ 2019ൽ ഹരിതകേരളം മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ശ്രദ്ധേയമായ ക്യാമ്പയിനാണ് ഇനി ഞാൻ ഒഴുകട്ടെ. ജില്ലയിലെ എല്ലാ നീർച്ചാലുകളും മാലിന്യമുക്തമായി സംരക്ഷിക്കുകയാണ് ലക്ഷ്യം. ഒന്നും രണ്ടും ഘട്ടങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ ജില്ലയിൽ വിജയകരമായിരുന്നെന്നും മൂന്നാംഘട്ട പ്രവർത്തനം ആരംഭിച്ചെന്നും ഹരിതകേരളം മിഷൻ അധികൃതർ പറഞ്ഞു.
2019ൽ ആരംഭിച്ച ഒന്നാം ഘട്ട പ്രവർത്തനത്തിൽ വിവിധ പഞ്ചായത്തുകളിലായി 123 കിലോമീറ്ററും 2020ൽ ആരംഭിച്ച രണ്ടാം ഘട്ട പ്രവർത്തനത്തിൽ 498.49 കിലോമീറ്ററും നീളത്തിൽ നീർച്ചാലുകൾ വീണ്ടെടുത്തു. മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഡിസംബർ രണ്ടിന് തുടങ്ങി. എല്ലാ തദ്ദേശ സ്ഥാപന പരിധികളിലും മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുത്ത നീർച്ചാലുകളാണ്
മാലിന്യമുക്തമായി പരിപാലിക്കുന്നത്. ജനകീയമായി നടത്തുന്ന പ്രവർത്തനത്തിൽ രാഷ്‍ട്രീയ യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ഉണ്ട്.
ജല സ്രോതസുകളിലെ ജലത്തിന്റെയും ഭൂജലത്തിന്റെയും ഗുണനിലവാരം വർധിപ്പിക്കാൻ ക്യാമ്പയിൻ വലിയ രീതിയിൽ സഹായിച്ചു. നീർച്ചാലുകളുടെ പുനരുജ്ജീവനം പൂർണമാകണമെങ്കിൽ ആ നീർച്ചാൽ ഉൾപ്പെടുന്ന മുഴുവൻ ശൃംഖലയും പുനരുജ്ജീവിപ്പിക്കണം. ഈ പ്രവർത്തനമാണ് മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുക. ഒരു ഉറവയായി ആരംഭിക്കുന്ന ഒന്നാം നീർച്ചാൽ തുടങ്ങി വലിയ പുഴ(ഏഴ്, എട്ട് -നിര ചാലുകൾ) വരെ ഉൾപ്പെട്ടതാണ് നീർച്ചാലുകളുടെ ശൃംഖല. പുഴ പുനരുജ്ജീവനത്തിന് മുമ്പ് അവയിൽ ഒഴുകിയെത്തുന്ന ചെറുപുഴകളുടെയും തോടുകളുടെയും അവയുടെ കൈവഴികളുടെയും പുനരുജ്ജീവനം നടത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..