കുമളി
ക്രിസ്തുവിന്റെ പിറവിയുടെ മഹാജൂബിലിയുടെ പ്രതീകമായി കുമളിയിൽ 2025 നക്ഷത്രങ്ങൾ ഒരുങ്ങുന്നു. ജില്ലയിലെ ഏറ്റവും വലിയ ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത രീതിയിൽ നിർമിച്ച 2025 നക്ഷത്രങ്ങൾ കൺതുറക്കും. കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. സ്റ്റെല്ലാ സല്യൂട്ടീസ് എന്ന പേരിൽ 22, 23, 24 തീയതികളിലാണ് പരിപാടികൾ നടക്കുക. സെന്റ് തോമസ് ഫൊറോന പള്ളിയുടെയും കുമളി സാന്തോം എസ്എംവൈഎമ്മിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
22ന് പള്ളിയങ്കണത്തിൽ ക്രിസ്മസ് ഗ്രാമം ഒരുക്കും. വിവിധങ്ങളായ സ്റ്റാളുകളും ഭക്ഷ്യമേളയും ഇവിടെയുണ്ടാകും. 23ന് ക്രിസ്മസിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള മഹാറാലി നടക്കും. കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി 25 ഓളം ക്രിസ്മസ് പ്ലോട്ടുകളുടെയും നന്ദനം ഫിലിം ഇൻഡസ്ട്രിസ് ഒരുക്കുന്ന ലിവിങ് പുൽക്കൂടുകളുടെയും അകമ്പടിയോടെയാണ് റാലി നടക്കുക. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സിനിമാ സംവിധായകൻ ജോണി ആന്റണി സന്ദേശം നൽകും. 500 ഓളം വരുന്ന കലാകാരന്മാരുടെ കലാവിസ്മയവും അരങ്ങേറും.
24ന് വൈകിട്ട് ക്രിസ്‌തുവിന്റെ പിറവിയുടെ മഹാജൂബിലിയുടെ പ്രതീകമായി നക്ഷത്രങ്ങൾ പള്ളിയങ്കണത്തിൽ തെളിച്ച് ക്രിസ്മസിനെ വരവേൽക്കും. ഇതിനുള്ള നക്ഷത്രങ്ങളുടെ നിർമാണംഅവസാനഘട്ടത്തിലാണ്.
പരമ്പരാഗത രീതിയിൽ ഈറ്റയും വർണക്കടലാസ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നക്ഷത്രങ്ങൾ നിർമിക്കുന്നത്. സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.തോമസ് പൂവത്താനിക്കുന്നേൽ, അസി.വികാരി ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..