21 December Saturday

കലഹത്തില്‍ കലങ്ങി യുഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
തൊടുപുഴ
വാദങ്ങളും മറുവാദങ്ങളുമായി കലഹക്കലി അടങ്ങാതെ ജില്ലയിലെ യുഡിഎഫ്. തൊടുപുഴ ന​ഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്‍ച നടത്തിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കെട്ടടങ്ങിയിട്ടില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ലീ​ഗിലെ ആഭ്യന്തര പ്രശ്‍നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോൺ​ഗ്രസ് ആവർത്തിക്കുമ്പോൾ കോൺ​ഗ്രസ് രാഷ്‍ട്രീയ വഞ്ചന നടത്തിയെന്നാണ് മറുവാദം. കാലങ്ങളായുള്ള അവ​ഗണനയ്‍ക്ക് തിരിച്ചടി നൽകിയതാണെന്ന് ലീ​ഗ് നേതാക്കൾ തിങ്കളാഴ്‍ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനിടെ ചൊവ്വ രാവിലെ ഡിസിസി പ്രസിഡന്റും യൂത്ത് ലീ​ഗിലെ ചിലരും തമ്മിൽ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. പ്രവർത്തകർക്കിടയിലെ അസംതൃപ്‍തിയാണിത് സൂചിപ്പിക്കുന്നത്. 
മുസ്ലിം ലീ​ഗ് ആരുടെയും മുകളിൽ കെട്ടിയുണ്ടാക്കിയ കൂടല്ലെന്നും സ്വന്തമായ തിണ്ണബലംകൊണ്ട് ഉണ്ടായതാണെന്നും ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ തിങ്കളാഴ്‍ച പറഞ്ഞിരുന്നു. ലീ​ഗ് ചില പോക്കറ്റുകളിലാണുള്ളത്. കേരള കോൺ​ഗ്രസും വ്യത്യസ്‍തമല്ല, അതുകൊണ്ടാണ് ആദ്യടേം കോൺ​ഗ്രസിന് വേണമെന്ന് പറഞ്ഞതെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു വ്യക്തമാക്കി. പോയാൽ പോകട്ടേയെന്ന നിലപാടാണ് ലീ​ഗ് ഇക്കാര്യത്തിലെടുത്തത്. ഇത് അവരുടെ ഉള്ളിലെ സംഘർഷത്തിന്റെ ഫലമാണ്. ഈ വാറോലയുടെ മുന്നിൽ കോൺ​ഗ്രസ് പരാജയപ്പെടില്ലെന്നും സി പി മാത്യു ആവർത്തിച്ചു. വരും തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ലീ​ഗ് കൂടെ വേണമെന്ന നിർബന്ധം തങ്ങൾക്കില്ല. അവർക്ക് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴി. സംസ്ഥാന നേതൃത്വം അറിഞ്ഞാണ് കോൺ​ഗ്രസ് സ്ഥാനാർഥിയെ നിർത്തിയത്. സി പി മാത്യു പറഞ്ഞു. 
യുഡിഎഫ് സ്ഥാനാർഥിയായി കെ ദീപക്കിനെ ലീ​ഗറിയാതെ ഏത് ഘടകമാണ് നിർദേശിച്ചതെന്ന് കേരള കോൺ​ഗ്രസ് വ്യക്തമാക്കണമെന്ന് ലീ​ഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുഡിഎഫ് യോഗം ബഹിഷ്‍കരിച്ച് കേരള കോൺഗ്രസ് ഇറങ്ങിപ്പോയശേഷം യുഡിഎഫ് യോഗം ചേരുകയോ സ്ഥാനാർഥിയെ നിർണയിക്കുകയോ ചെയ്‍തിട്ടില്ല. പിന്നെങ്ങനെയാണ് ദീപക് സ്ഥാനാർഥിയായത്. ലീ​ഗിനോട് കാണിച്ച രാഷ്‍ട്രീയ നെറികേടിന് കേരള കോൺ​ഗ്രസ് വലിയ വിലനൽകേണ്ടിവരും. ലീ​ഗ് വ്യക്തമാക്കി. പടലപ്പിണക്കങ്ങളും അധികാരമോഹങ്ങളും പരസ്യമായതോടെ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാവുകയാണ് യുഡിഎഫ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top