24 November Sunday

മുല്ലപ്പെരിയാർ–രാഷ്ട്രീയ നേട്ടത്തിന് 
ആശങ്ക പ്രചരിപ്പിക്കരുത്: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
ചെറുതോണി
മുല്ലപ്പെരിയാറിൽ താൽക്കാലിക രാഷ്ട്രീയനേട്ടത്തിന് വേണ്ടി ആശങ്കവിതച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന നടപടികളിൽനിന്ന്‌ ഉത്തരവാദിത്വപ്പെട്ടവർ പിൻമാറണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. മുല്ലപ്പെരിയാർ പ്രശ്നം വൈകാരികത ഇളക്കിവിട്ട് രണ്ട് സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് പരിഹരിക്കാൻ കഴിയുന്നതല്ല. നയതന്ത്രജ്ഞതയോടെയും സമഭാവനയോടെയും നിയമപരമായും രാഷ്ട്രീയമായും പരിഹാരം കാണേണ്ടതാണ്.  
സുപ്രീംകോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തിൽ നിയമപരമായ പരിഹാരമാണുണ്ടാകേണ്ടത് അതോടൊപ്പം പാർലമെന്റിനകത്തും പുറത്തും രാഷ്ട്രീയ പരിഹാരത്തിനുളള നടപടികൾ വേഗത്തിലാക്കുകയും വേണം. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ സാധ്യതകളും സർക്കാർ തേടുകയാണ്.
 2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ സ്വീകരിക്കുന്ന നിലപാടാണ്‌ കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെളളം എന്നുളളത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നതാണ് കേരള സർക്കാരിൻറെ നിലപാട്. അതിനോട് രാഷ്ട്രീയ ഭേദമന്യേ മുഴുവൻ പേരും യോജിക്കുകയുമാണ്. എന്നാൽ പുതിയ ഡാം എന്ന നിർദ്ദേശവും പാരിസ്ഥിതിക അനുമതിയും നിർമാണചിലവും സംബന്ധിച്ച കാര്യങ്ങളിൽ ധാരണയും നിയമപരമായ അംഗീകാരവുമുണ്ടാകണം. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനം ഉണ്ടാക്കാൻ സർക്കാർ മുൻകെെയെടുത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയാണ്. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൻമേൽ കാലവിളംബം കൂടാതെ തീരുമാനം ഉണ്ടാകാൻ സാധിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരും പാർലമെന്റും ഇക്കാര്യത്തിൽ ശാശ്വത പരിഹാരത്തിനായി ആത്മാർഥമായി ഇടപെടണം. കേരളത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയും തമിഴ്ജനതയ്ക്ക് ജലം ലഭ്യമാകുന്നതിനും പാർലമെന്റിനെ പോരാട്ടവേദിയാക്കാൻ മെമ്പർമാർക്ക് കഴിയണം. നിർഭാഗ്യവശാൽ കഴിഞ്ഞ അഞ്ച് വർഷവും കേരളത്തിലെ എംപിമാർ ഇക്കാര്യത്തിൽ കാര്യക്ഷമമായ ഒരു ഇടപെടലും നടത്തിയില്ല. ഇപ്പോൾ ജനങ്ങൾക്കിടയിൽ ആശങ്കപരത്താൻ നോക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല.  ഇത്തരക്കാരുടെ പിന്തുണയോടെ സമൂഹമാധ്യമങ്ങളിലൂടെ വിവാദം ഉണ്ടാക്കുന്ന നീക്കങ്ങളെ തടയാൻ  ജില്ലാഭരണം തയാറാകണം. നിലവിലെ കാലാവസ്ഥയിൽ മാറ്റമുണ്ടായാൽ മുല്ലപ്പെരിയാർ താഴ്വരയിലെ ജനങ്ങളുടെ പൂർണമായ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ മുൻകൂട്ടി  സ്വീകരിക്കണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. ഇടുക്കിയിൽചേർന്ന എൽഡിഎഫ് യോഗത്തിൽ കൺവീനർ കെ സലീം കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി സി വി വർഗീസ്, കേരള കോൺഗ്രസ് എം ജില്ലാപ്രസിഡന്റ് ജോസ് പാലത്തിനാൽ, എൽഡിഎഫ് നേതാക്കളായ അഡ്വ. കെ ടി  മൈക്കിൾ, കെ എം റോയ്, കോയ അമ്പാട്ട്, ജോണി ചെരുവുപറമ്പിൽ, രതീഷ് അത്തിക്കുഴിയിൽ, സി എം അസീസ്, സിബി മൂലേപ്പറമ്പിൽ, കെ എം ജബ്ബാർ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top