22 December Sunday
കനത്തമഴ

അഞ്ചുനാട്ടിൽ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കീഴന്തൂരിൽ മണ്ണിടിച്ചിലിൽ തകർന്ന കൽക്കെട്ട്

മറയൂർ 
മറയൂർ, കാന്തല്ലൂർ മേഖലയിൽ തിങ്കൾ രാത്രിപെയ്ത കനത്തമഴയിൽ വ്യാപക നാശം. മറയൂർ–കാന്തല്ലൂർ റോഡിൽ മൂന്നിടങ്ങളിൽ റോഡിലേക്ക് മണ്ണും പാറക്കല്ലുകളും മരങ്ങളും വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി എട്ടോടെ ആരംഭിച്ച മഴ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. മഴനിഴൽ പ്രദേശമായ മറയൂരിൽ കാലവർഷത്തോടനുബന്ധിച്ച് നൂൽ മഴമാത്രമാണ് ലഭിക്കാറുള്ളത്. പതിവുതെറ്റിച്ചെത്തിയ തീവ്രമഴ ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
മൂന്നാർ–മറയൂർ റോഡിൽ വാഗുവരെ ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. ചട്ടമൂന്നാർ വനംവകുപ്പ് ചെക്ക് പോസ്റ്റ് മേഖലയിൽ മഴവെള്ളം കെട്ടിനിന്നു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. 
മറയൂർ ആദിവാസി മേഖലയായ വത്സപ്പെട്ടി കൂടല്ലാർകുടിയിൽ മണ്ണിടിച്ചിലുണ്ടായി. കാന്തല്ലൂരിൽനിന്ന്‌ വട്ടവടയിലേക്കുള്ള റോഡ് ഒലിച്ചുപോയി. മിക്ക സ്ഥലങ്ങളിലും മണ്ണിടിച്ചിലിൽ നാശനഷ്‌ടമുണ്ടായി. കീഴാന്തൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് അപകടാവസ്ഥയിലായ രണ്ട് വീടുകളിൽനിന്ന്‌ ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കനത്ത മഴയിൽ പുത്തൂർ ഗ്രാമത്തിൽ വെള്ളം പാഞ്ഞെത്തിയത് ഗ്രാമീണരെ ഭീതിയിലാഴ്‌ത്തി. പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ ഒലിച്ചുനീങ്ങി. കോവിൽക്കടവ് ടൗണിൽ പാമ്പാർ കരകവിഞ്ഞ്‌ തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളം കയറി.
മേൽക്കൂര തകർന്ന് ഒരാൾക്ക് പരിക്ക്
കോവിൽക്കടവ് സെന്റ് ജോർജ്‌ പള്ളിയുടെ സമീപത്തുള്ള കൃഷ്ണന്റെ വീടിന്റെ മേൽക്കൂര തകർന്നു. രാത്രി ഒമ്പതോടെയാണ്‌ അപകടം. വീടിനുള്ളിലുണ്ടായിരുന്ന കൃഷ്ണന് കാലിന് പരിക്കേറ്റു. ഭാര്യ മീനാക്ഷിയും മക്കളായ മഹിതയും ലോകേഷും ഓടി പുറത്തിറങ്ങി. സമീപവാസികളെത്തി മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഉദുമൽപേട്ടയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. 
ഓണക്കാല 
പച്ചക്കറി കൃഷി 
മണ്ണടിഞ്ഞു
ഒറ്റരാത്രിയിലെ മഴയിൽ കാന്തല്ലൂർ, പെരുമല, പുത്തൂർ ഭാഗത്തെ വെളുത്തുള്ളി കൃഷി മണ്ണടിഞ്ഞു. അടുത്ത മാസം വിളവെടുക്കേണ്ട കൃഷിയാണ്‌ മൺതിട്ടകളിടിഞ്ഞും കുത്തൊഴുക്കിലും നശിച്ചത്‌. നൂറ്‌ ഏക്കറിലധികം കൃഷി നശിച്ചതായാണ് കർഷകർ പറയുന്നത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top