18 September Wednesday

പായസം തൂശനിലതന്നിലൊഴുകാത്ത പാലട പ്രഥമൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

 തൊടുപുഴ

പായസമില്ലാതെ ഓണസദ്യ പൂർണമാകില്ല. പായസത്തിൽ കേമൻ അടപ്രഥമൻതന്നെ. വിഭവസമൃദ്ധമായ ഊണുകഴിഞ്ഞാൽ ഇലയിൽ  വിളമ്പുന്ന പായസത്തിലേക്ക്‌ പപ്പടവും പഴവും കൂട്ടി ചേർത്ത്‌ കുഴച്ചടിച്ച്‌ കൈ നക്കിയാലെ സദ്യ പൂർണമാകൂ, തൃപ്തിയാകൂ. പ്രഥമന് പുറമെ വിവിധയിനം പായസം സദ്യയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഉണക്കലരി പായസമായിരുന്നു പണ്ട്‌ വീടുകളിൽ അധികവും ഉണ്ടാക്കിയിരുന്നതെങ്കിൽ കാലക്രമേണ ഗോതമ്പ്‌, ചെറുപയർ പരിപ്പ് എന്നിവയും സ്ഥാനംപിടിച്ചു.  ഒടുവിലിതാ ചേനയും മത്തങ്ങയും ചക്കയും ചക്കക്കുരുവും ഇല്ലി അരിയുമെല്ലാംകൊണ്ട്‌ രുചികരമായ പായസമൊരുക്കുന്നു.
 സദ്യവട്ടം വീട്ടിലൊരുക്കുന്നവർ ആദ്യംതന്നെ പായസം റെഡിയാക്കും. ശർക്കരയും തേങ്ങാപ്പാലുമാണ്‌ പ്രധാനമായും പായസത്തിന്റെ രുചി നിശ്ചയിക്കുന്നത്‌. നാഴി അരിക്ക്‌ നാല്‌ തേങ്ങയുടെ പാൽ എന്നാണ്‌ പഴമക്കാരുടെ കണക്ക്‌. കേരളം എന്ന പേരുണ്ടെങ്കിലും നാളികേരത്തിന്‌ മലയാളിയിപ്പോൾ ആശ്രയിക്കുന്നത്‌ അന്യ സംസ്ഥാനങ്ങളെ. മർക്കറ്റിൽ നാളികേരളത്തിന്‌ 50മുതൽ 60 രൂപവരെയാണ്‌ വില.
 പായസനിർമാണത്തിനുള്ള തേങ്ങാപ്പാലും ടിന്നുകളിൽ ലഭിക്കും. ടിന്നിൽ എത്തുന്ന തേങ്ങാപ്പാൽ പൊടിയിലേക്ക്‌ ഒഴിക്കുന്ന വെള്ളത്തിന്റെ അളവനുസരിച്ച്‌ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലുമുണ്ട്‌.  തിരക്കിനിടയിൽ മലയാളി ഓണസദ്യക്കുള്ള പായസവും മാർക്കറ്റിൽനിന്നാണ്‌ വാങ്ങുക. അതുകൊണ്ടുതന്നെ വിവിധയിടങ്ങളിൽ പായസ സ്‌റ്റാളുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്‌. 
ഓണമുണ്ണാൻ തയ്യാറെടുക്കുന്നവരുടെ ഇലയിലേക്ക്  വിളമ്പാനുള്ള പായസം ഒരുക്കുന്നതിനുള്ള തിരക്കിലാണ് വ്യാപാരികളും. പായസം തയ്യാറാക്കുന്നത് അത്ര എളുപ്പമല്ല. അട തയ്യാറാക്കി അതിനനുസരിച്ച് തേങ്ങാപ്പാലും ശർക്കരയും ചേർത്ത് കെെമാറാതെ ഇളക്കി നമ്മുടെ മുന്നിലേക്ക് എത്തുന്നത് നിമിഷ നേരം കൊണ്ടല്ല.  കാലം മാറിയതോടെ അടപ്പായസം വരെ പാകമായി ഓർഡർ അനുസരിച്ച് മുന്നിലേക്ക് എത്തും. ഇലയിട്ട് സദ്യയ്ക്കൊപ്പം വിളമ്പിയാൽ മാത്രം മതി.
പരിപ്പ്‌ പായസത്തിനും അടപ്പായസത്തിനും  ഗോതമ്പ്‌ പായസത്തിനും ഒരു ലിറ്ററിന്- 220 രൂപയാണ്‌ വില. പാലട-ക്ക്‌ 240 രൂപയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top