21 December Saturday

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024
ഇടുക്കി
ജില്ലയിലെ രണ്ടു തദ്ദേശ സ്ഥാപനങ്ങളിലെ രണ്ടു വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക്‌ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കൽ. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ രണ്ടാം വാർഡ്(കഞ്ഞിക്കുഴി), കരിമണ്ണൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് (പന്നൂർ) എന്നിവിടങ്ങളിലാണ് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കരട് വോട്ടർപട്ടിക 20നും അന്തിമപട്ടിക ഒക്ടോബർ 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് 20 മുതൽ ഒക്‌ടോബർ അഞ്ച് വരെ അപേക്ഷിക്കാം.
 2024 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്‌ പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. sec.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ  ഓൺലൈനായി രജിസ്റ്റർചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.
പഞ്ചായത്ത്, നഗരസഭ വാർഡുകളിൽ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top