ഇടുക്കി
വൈദ്യുതി ഉൽപ്പാദനത്തിന്റെ തട്ടകമായ ഇടുക്കിയിലെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. നിർമാണഘട്ടത്തിൽ മൂന്ന് പദ്ധതി പൂർത്തിയായി കമീഷന് തയ്യാറെടുക്കുന്ന ഒരു പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഇതെല്ലാംകൂടി പൂർത്തീകരിക്കുന്നതോടെ ജില്ലയിൽ മാത്രം 19 വൈദ്യുത പദ്ധതികളാവും. രാജ്യത്തുതന്നെ കൂടുതൽ വൈദ്യുത പദ്ധതികളുള്ള ജില്ലയെന്ന റെക്കോഡും കൈവരും. 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയാണ് ഉടൻ യാഥാർഥ്യമാകുന്നത്. കൂടാതെ രണ്ട് ഘട്ടങ്ങളിലായി 80 മെഗാവാട്ടിന്റെ മാങ്കുളം, രണ്ട് ഘട്ടങ്ങളായി 24 മെഗാവാട്ട് വീതമുള്ള അപ്പർ ചെങ്കുളം, 24 മെഗാവാട്ടിന്റെ ചിന്നാർ എന്നീ പദ്ധതികളുടെ നിർമാണം നടന്നുവരുന്നു. മാത്രമല്ല, 85 മില്യൺ യൂണിറ്റ് ശേഷിയുള്ള ചെങ്കുളം ഓഗ്‌മെന്റേഷൻ പദ്ധതിയും പുരോഗമിച്ചുവരുന്നു. അപ്പർ ചെങ്കുളം പദ്ധതി ഒന്നാംഘട്ടത്തിന്റെ നിർമാണം ഒക്ടോബർ 24നാണ് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തത്. നിർമാണം പൂർത്തീകരിക്കുന്നതോടെ 53.22 മില്യൺ യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാവും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന പദ്ധതികളടക്കം ഏറ്റെടുത്ത് പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാടിന്റെ സർവതല സമഗ്ര വികസനത്തിൽ പ്രധാനപങ്ക് ജലവൈദ്യുത പദ്ധതികൾക്കുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ യാഥാർഥ്യമാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..