ഇടുക്കി
ഇടമലക്കുടിയിൽ വിവിധ വകുപ്പുകൾ ഏറ്റെടുത്തു നടത്തേണ്ട പദ്ധതികളെക്കുറിച്ച് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. പ്രവൃത്തികൾ പുരോഗമിക്കുന്ന പദ്ധതികളുടെ തൽസ്ഥിതി അവലോകനവും നടന്നു.
ആരോഗ്യം,വിദ്യാഭ്യാസം, കൃഷി, നൈപുണ്യ തൊഴിൽവികസനം, ശുചിത്വം, പൂരക പോഷകാഹാര വിതരണം, റോഡുകൾ, പാലങ്ങൾ, വനിതകളുടെ ഉന്നമനം, പൊതു ഗതാഗതം, ലൈഫ് ഭവന നിർമാണ പദ്ധതി, കുടിവെള്ളം, കുടുംബശ്രീ, അക്ഷയ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്. സമഗ്രവികസനം ലക്ഷ്യമിട്ട് സാധ്യമായ എല്ലാ സൗകര്യങ്ങളും ഇടമലക്കുടിയിൽ ഒരുക്കുമെന്ന് കലക്ടർ വി വിഗ്നേശ്വരി. ജില്ലാ ആസൂത്രണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടമലക്കുടി പഞ്ചായത്ത് ഹാളിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. കിലോമീറ്ററുകളോളം ഓഫ് റോഡ് സഞ്ചാരം നടത്തി യോഗം ചേർന്നത് തന്നെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ മനസ്സിലാക്കാനാണ്. നിസാരകാര്യങ്ങളുടെ പേരിൽ പദ്ധതികൾ തടസ്സപ്പെടാൻ പാടില്ലെന്നും കലക്ടർ പറഞ്ഞു.
വരും ദിവസങ്ങളിൽ വിഷയാടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ നടത്തി പ്രവർത്തന പുരോഗതി വിലയിരുത്തും.
ഇഡ്ഡലിപ്പാറക്കുടിയിലെ അങ്കണവാടി, ഏകാധ്യാപിക പഠനശാല, ഇടമലക്കുടി എൽപി സ്കൂൾ എന്നിവിടങ്ങളും കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..