ഇടുക്കി
ജില്ലയിൽ അതിർത്തിമേഖലയിൽ കനത്ത മഴ. തമിഴ്‌നാട് അതിര് പങ്കിടുന്ന ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലാണ് ഞായറാഴ്‌ച മുതൽ മഴ കനത്തിട്ടുള്ളത്. പകലും രാത്രിയും ഇടവേളകളില്ലാതെ പെയ്യുന്നുണ്ട്.
അടിമാലി, രാജാക്കാട്, ശാന്തൻപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, കട്ടപ്പന, രാമക്കൽമേട്, ബാലൻപിള്ള സിറ്റി, കുമളി തുടങ്ങിയ മേഖലകളിൽ 32 മണിക്കൂറായി മഴ പെയ്യുന്നുണ്ട്. ബാലൻപിള്ള സിറ്റി ബംഗ്ലാദേശ് കോളനിയിൽ വീടുകളിൽ വെള്ളം കയറി. പതിനഞ്ചോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലായി. നിർമാണം നടക്കുന്ന കമ്പംമെട്ട്–-വണ്ണപ്പുറം സംസ്ഥാന പാതയിൽ നിന്നാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. റവന്യൂ അധികൃതർ സ്ഥലത്തെത്തി. ഉടുമ്പൻചോല മേഖലകളിൽ മരം ഒടിഞ്ഞുവീണു. കമ്പംമെട്ട് മഡോണ സ്കൂൾ ബസ് കുട്ടികളുമായി പോകുന്നതിനിടെ വൻമരവും വൈദ്യുതി പോസ്റ്റും ബസിനു മുമ്പിലേക്ക് കടപുഴകി വീണു. സ്കൂൾകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ബസ് വേഗം ബ്രേയ്‌ക്ക് ചെയ്തതിനാൽ അപകടം ഒഴിവായി.
മരം വീണ് കുമളി–- കമ്പം റൂട്ടിൽ ഗതാഗത തടസ്സമുണ്ടായി. പൂപ്പാറ ബോഡിമെട്ട് റൂട്ടിൽ പാറകൾവീണും ഗതാഗത തടസ്സമുണ്ടായി. ചെറുകിട സംഭരണികളും നിറഞ്ഞു.
വൻ പാറക്കല്ലുകൾ അടർന്നുവീണ് ഗതാഗതം
തടസ്സപ്പെട്ടു
ഇടുക്കി
കനത്തമഴയിൽ റോഡിലേക്ക് വൻപാറക്കല്ലുകൾ അടർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി – -മധുര ദേശീയപാതയിൽ തമിഴ്നാടിന്റെഭാഗമായ ബോഡിമെട്ടിന് സമീപം വൻ പാറ അടർന്ന് റോഡിലേക്ക് വീണതിനാൽ അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്. പ്രദേശത്ത് മഴ കനത്തുപെയ്യുമ്പോൾ വൻപാറകൾ ഇടിഞ്ഞുവീണ് ചുരംറോഡ് ബ്ലോക്കാവുന്നത് നിത്യസംഭവമാണ്.
റോഡ് വികസനത്തിന്റെ പേരിൽ വൻതോതിൽ അശാസ്ത്രീയമായി പാറഖനനം നടത്തിയത് പ്രദേശത്തെ അപകടസാധ്യതകൂട്ടുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്നവഴി നിത്യവും ബ്ലോക്കാവുന്നത് വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. പകൽ 11ന് ഗതാഗതം പുനഃസ്ഥാപിച്ചു. എങ്കിലും മഴക്കാലത്ത് ചുരംറോഡിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.-
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..