27 December Friday

വാഴക്കൊലമാസ്‌

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2024

കട്ടപ്പന വെട്ടിക്കുഴക്കവലയിലെ വാഴക്കുല മൊത്തവ്യാപാരകേന്ദ്രത്തിൽനിന്ന്

 
കട്ടപ്പന
വിപണിയിൽ വാഴക്കുലയ്‌ക്ക്‌ നേട്ടം. രണ്ടാഴ്‌ചയിൽ 20ലേറെ രൂപയുടെ വർധനയുണ്ടായി. നേന്ത്രക്കുലയ്‍ക്ക് 40 മുതൽ 45 വരെയായിരുന്നു രണ്ടാഴ്‌ച മുമ്പുള്ള മൊത്തവില. ഇപ്പോൾ 64 രൂപയായി വർധിച്ചു. 55–60 രൂപയായിരുന്ന ഞാലിപ്പൂവന്‌ 74 രൂപയാണിപ്പോള്‍. ചില്ലറവിപണിയിൽ നേന്ത്രക്കുലയ്ക്ക് കിലോ 80രൂപയും ഞാലിപ്പൂവന് 80–85രൂപയുമാണ് വില. ലഭ്യതക്കുറവാണ്‌ വിലവർധനവിന് കാരണമെന്ന്‌ വ്യാപാരികൾ പറഞ്ഞു. പ്രാദേശിക ഉൽപ്പാദനം കുറഞ്ഞതിനൊപ്പം അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വരവും കുറഞ്ഞു. ഓണക്കാലത്ത് ആവശ്യമേറുമ്പോള്‍ വിലയിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 
പ്രാദേശിക കർഷകർക്ക്‌ നേന്ത്രവാഴക്കുലയ്‍ക്ക് 58രൂപയും ഞാലിപ്പൂവന്‌ 60രൂപയും ലഭിക്കുന്നുണ്ട്‌. കഴിഞ്ഞവർഷം ഇതേസമയം 30രൂപ മാത്രമാണ്‌ കിട്ടിയിരുന്നതെന്ന് കർഷകനായ നത്തുകല്ല്‌ സ്വദേശി പാറയിൽ ടോമി പറഞ്ഞു. ഓണക്കാലത്ത് കൂടുതൽ ആദായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ കർഷകരും.
വിലയിൽ ഉണ്ടായിരിക്കുന്ന വർധന മലയോര മേഖലയിലെ ചെറുകിട കർഷകർക്ക്‌ ഗുണകരമാണ്‌. കഴിഞ്ഞ രണ്ടുവർഷം വിലയില്ലാതെ കഷ്ടപ്പെടുകയായിരുന്നു. എന്നാൽ വില ഉയരുമ്പോഴും കർഷകർ നഷ്‌ടത്തിലാണ്‌. കാലാവസ്ഥ ചതിച്ചതോടെ വലിയതോതിൽ കൃഷിനശിച്ചു. ഉഷ്‌ണതരംഗവും തുടർന്നുണ്ടായ ശക്തമായ മഴയും കാരണം ജില്ലയിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചത്. കട്ടപ്പന നഗരസഭ പ്രദേശങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വാഴകള്‍ കനത്തമഴയിൽ നിലംപൊത്തി. 
ദിവസങ്ങൾക്ക്‌ മുമ്പാണ് വാഴക്കുലകൾക്ക് വിപണിയിൽ വില കൂടിയത്. എന്നാൽ കാര്യമായ കായ്ഫലം ലഭിക്കാത്തതിനാല്‍ വില കൂടിയതിന്റെ പ്രയോജനം ലഭിക്കുന്നില്ല, കർഷകർ പറയുന്നു. തൊഴിലാളികളുടെ കൂലിയും വളപ്രയോഗവും കഴിഞ്ഞാൽ പലർക്കും മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയാണ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top