മൂന്നാർ
ഓണാവധിക്ക് ഒരു യാത്ര പോകാമെന്ന് പദ്ധതിയിടുന്നവർക്ക് വിസ്മയകാഴ്ചയുടെ വസന്തം കണ്ട് മടങ്ങാം. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ സഞ്ചാരികളുടെ മനംകവരുന്നതിന് നിരവധി ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി– ധനുഷ്ക്കോടി ദേശീയപാതയിൽ ദേവികുളം റോഡരുകിൽ മുതിരപ്പുഴയാറിനു സമീപം അഞ്ചേക്കർ സ്ഥലത്താണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
പശ്ചിമഘട്ട ജൈവവൈവിധ്യം തേടിയെത്തുന്നവർക്ക് വിജ്ഞാനം പകരുന്ന വിശ്രമകേന്ദ്രം കൂടിയാണ് ഈ ഉദ്യാനം. ഏത് കാലാവസ്ഥയിലും ജൈവവൈവിധ്യ പാർക്ക് ഉപയോഗിക്കാൻ കഴിയുന്ന റെയിൻ ഷെൽട്ടർ, ഗ്ലാസ് ഹൗസ്, ഓപ്പൺ തിയറ്റർ, വാച്ച് ടവർ, കുട്ടികളുടെ പാർക്ക് തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഗാർഡനിലുണ്ട്. വിദേശയിനങ്ങൾ ഉൾപ്പെടെ 600 ലധികം പൂച്ചെടികൾ ഇവിടെയുണ്ട്. പൂക്കൾ ആസ്വദിക്കുന്നതിനൊപ്പം വില നൽകി പൂച്ചെടികൾ വാങ്ങാനും സൗകര്യവുമുണ്ട്. പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ദിനോസർ, ജിറാഫ്, ആന എന്നിവയുടെ സ്തൂപങ്ങൾ കുട്ടികളെ ഏറെ ആകർഷിക്കുന്നു. കൂടാതെ സെൽഫി പോയിന്റ് മറ്റൊരു ആകർഷകമാണ്. രാത്രി ഏഴിനും എട്ടിനും ഒരുക്കിയിട്ടുള്ള മ്യൂസിക്ക് ഫൗണ്ടനൊപ്പം സഞ്ചാരികൾ നൃത്തം ചെയ്യുന്നതും കാണാം.
പ്രവേശന കവാടത്തിലും പാർക്കിനുളളിലും ഒരുക്കിയിട്ടുള്ള ദീപാലങ്കാരം സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കും. ഐസ്ക്രീം പാർലർ, കോഫിഷോപ്പ്, കരകൗശലവസ്തുക്കൾ വിൽക്കുന്ന കടകളെല്ലാം സജ്ജം. എല്ലാ വർഷവും മെയ് ഒന്നു മുതൽ പുഷ്പമേള സംഘടിപ്പിച്ചുവരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് കാണാനെത്തിയത്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് സമയം. മുതിർന്നവർക്ക് 100 ഉം കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..