രാജാക്കാട്
‘കുഞ്ഞാറ്റേ.. ലക്ഷ്‍മീ..’ ഈ വിളികേള്‍ക്കുന്ന മാത്രയില്‍ ഇരുവരും ഓടിയെത്തും. ബിജുവിന്റെയും മഞ്‍ജുളയുടെയും അരികത്ത് ചേര്‍ന്ന് നില്‍ക്കും. കുട്ടികളല്ല, കുട്ടികളേപ്പോലെ പരിപാലിക്കുന്ന പശുക്കുട്ടികളാണ്. രാജാക്കാട് ചെരുപുറത്തെവെളിയിൽ ബിജുവിന്റെയും മഞ്ജുളയുടെയും വിനായക ഫാമിലെ കാഴ്‍ചയാണിത്. ചെമ്പൻ, അര്‍ജുൻ എന്നിങ്ങനെ പശുക്കളേറെ. ബിജുവിന്റെ ചെറുപ്പം മുതല്‍ പശുവളര്‍ത്തലാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. ഏലവും മറ്റ് കൃഷികള്‍ക്കുമൊപ്പം ബിജുവും പശുവളര്‍ത്തല്‍ തുടര്‍ന്നു. ഫാം തുടങ്ങിയിട്ട് ഒരുവര്‍ഷമേ ആയുള്ളു. എച്ച്എഫ്, ജഴ്‍സി, സിന്ധി, വെച്ചൂര്‍ ഇനം പശുക്കളും എരുമകളുമാണ് ഫാമിലുള്ളത്. എല്ലാം പ്രാദേശിക മേഖലകളില്‍നിന്ന് വാങ്ങിയതാണ്. ഇമ്പമേറുന്ന സിനിമാപ്പാട്ടുകളും കേട്ടാണ് ഇവ വളരുന്നത്.
വൃത്തിക്കുണ്ട്
100 മാര്‍ക്ക്
പശുക്കള്‍ക്ക് പ്രധാനമായും വരുന്നത് അകിടുവീക്കമാണ്. ഫാം വൃത്തിയായി സൂക്ഷിക്കലാണ് തടയാനുള്ള മാര്‍ഗമെന്ന് ബിജു പറയുന്നു. ഇതിനായി രണ്ടു ജോലിക്കാരുണ്ട്. ഒപ്പം മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശങ്ങളും പാലിക്കുന്നു. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന ചോളതട്ടകളാണ് പ്രധാനമായി പശുക്കൾക്ക് കൊടുക്കുന്നത്. ഒപ്പം വൈക്കോലും. ജഴ്സി പശുവിന്റെ പാലിന് കൊഴുപ്പുള്ളതാണ്. എച്ച്എഫിന് കൊഴുപ്പ് കുറവാണെങ്കിലും പാൽ അളവിൽ കൂടുതൽ ലഭിക്കും. വെച്ചൂർ പശുവിന്റെ പാലിന് ഔഷധ ഗുണമേറും. എ2 മിൽക്കാണിത്. ഇവയ്‍ക്കൊപ്പം എരുമപ്പാലുമുണ്ട്. നിരവധി പേരാണ് വീടുകളിലേക്ക് പാല്‍ വാങ്ങുന്നത്. രാജാക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിലാണ് പാല്‍ അളക്കുന്നത്. പ്രതിദിനം 220ലിറ്റർ പാലളക്കുന്നു. യന്ത്രസഹായത്താലാണ് കറവ.
പൂര്‍ണ തൃപ്‍തി
പണ്ട് 95 ശതമാനം വീടുകളിലും പശുവളര്‍ത്തലുണ്ടായിരുന്നു. ഇന്ന് അഞ്ച് ശതമാനത്തോളമായി കുറഞ്ഞു. പലപ്പോഴും സാമ്പത്തിക ലാഭമില്ലെങ്കിലും ലഭിക്കുന്ന തൃപ്‍തിയാണ് ഈ മേഖലയില്‍ തുടരാൻ കരുത്താകുന്നതെന്ന് ബിജു പറയുന്നു. മായമില്ലാത്ത പാൽ ജനങ്ങൾക്ക് നൽകുന്നത് ബിജുവിനും കുടുംബത്തിനും ജീവിതചര്യയയാണ്. സർക്കാരിന്റെ ഇൻസെന്റീവ് ലഭിക്കുന്നുണ്ട്. ഇത് തുടർന്നാൽ ക്ഷീരകർഷകർക്ക് ഏറെ ആശ്വാസമാകും, ബിജു പറഞ്ഞു. ഭാര്യ മഞ്ജുളയും മക്കളായ വിഷ്ണുപ്രിയയും കൃഷ്ണപ്രിയയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..