23 December Monday

കാമ്പുള്ള ചർച്ചയും കനമുള്ള ചോദ്യങ്ങളുമായി കുട്ടികളുടെ ഹരിതസഭ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
കരിമണ്ണൂർ
മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹാരങ്ങൾതേടി കുട്ടികളുടെ ഹരിതസഭ. നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ്‌ ജില്ലയിലെ പഞ്ചായത്തുകളിൽ ശിശുദിനത്തിൽ ഹരിതസഭ സംഘടിപ്പിച്ചത്. കുട്ടികളുടെ ഹരിതസഭയുടെ ജില്ലാതലം ഉടുമ്പന്നൂരിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്‌ഘാടനംചെയ്‌തു.
കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് മറുപടി നൽകി. മാലിന്യമുക്ത ഉടുമ്പന്നൂരിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളേയും കേരളപ്പിറവിദിനത്തിൽ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചിരുന്നു. ഈ മികവിന്റെ പേരിലാണ് ജില്ലാതല ഉദ്ഘാടനത്തിന് ഉടുമ്പന്നൂർ വേദിയായത്. ഉടുമ്പന്നൂർ ഹരിതസഭയിൽ വിവിധ വിദ്യാലയങ്ങളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 304 വിദ്യാർഥികൾ പങ്കെടുത്തു. കുട്ടികളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പാനൽ പ്രതിനിധികളായ തട്ടക്കുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ മിസ്‌നാ കരീം, സഫിയ സുധീർ, സുഹൈന അസീസ് എന്നിവർ സഭാനടപടികൾ നിയന്ത്രിച്ചു. മാലിന്യനിർമാർജന രംഗത്ത് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ സുലൈഷ സലിം അവതരിപ്പിച്ചു. ഓരോ പ്രതിനിധികൾ അവരുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
     ഹരിത സഭയിലെ മികച്ച വിദ്യാർഥിയായി പരിയാരം എസ്എൻഎൽപി സ്‌കൂളിലെ പി എൻ നസ്‌റിൻ ഫാത്തിമയേയും മികച്ച വിദ്യാലയമായി ഉടുമ്പന്നൂർ സെന്റ് ജോസഫ്‌സ് എൽപി സ്‌കൂളിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. അജയ് പി കൃഷ്ണ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു. വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ ആർ ബിനുമോൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി എം സുബൈർ, ശുചിത്വമിഷൻ റിസോഴ്‌സ്പേഴ്‌സൺ റജീന, ഹരിതകേരളം ആർപി സജീവ്, പഞ്ചായത്ത് സെക്രട്ടറി കെ പി യശോധരൻ, ബീനാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top