തൊടുപുഴ
ആഴങ്ങളിൽനിന്ന് സ്വർണം വാരിയെടുക്കുന്ന തിരക്കിലാണ് ബേബി വർഗീസ്. വണ്ടമറ്റം വലിയതോട്ടിലെ ചെറിയ ഒഴുക്കിൽ തുടങ്ങിയ നീന്തൽ ഇന്ന് അന്താരാഷ്‍ട്ര വേദികളും കടലും കീഴടക്കി മുന്നോട്ട്. സിവിൽ സർവീസ് മീറ്റിൽ നീന്തലിൽ 28 വർഷത്തെ ചാമ്പ്യന് ഒരു പേരെയുള്ളു, ബേബി വർഗീസ്. വിശ്രമ ജീവിതത്തിലും മാസ്റ്റേഴ്‍സ് മീറ്റിലൂടെ ലോകമറിയുകയാണ് ഇടുക്കിയുടെ നീന്തൽ മാസ്റ്ററെ.
തോട്ടിൽനിന്ന്
ചെറുപ്പത്തിൽ വീടിന് സമീപത്തെ വണ്ടമറ്റം വലിയതോട്ടിൽ സഹോദരങ്ങൾക്കൊപ്പമായിരുന്നു നീന്തലിന്റെ ബാലപാഠം. രണ്ടുനേരം കുളിക്കാനിറങ്ങും. സ്‌കൂൾതലത്തിൽ ചെറിയ സമ്മാനങ്ങൾ തേടിയെത്തി. എസ്‌എസ്‌എൽസിക്ക് ശേഷം കരാട്ടേയിലായിരുന്നു കമ്പം. കോളേജിലും കരാട്ടേ തുടർന്നു. 21-ാം വയസിൽ ബ്ലാക്ക് ബെൽറ്റായി. 30വർഷത്തോളം കരാട്ടേ അധ്യാപകനുമായി. 1993ൽ അറക്കുളം പഞ്ചായത്തിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സിവിൽ സർവീസ് മീറ്റിൽ നീന്തൽ മത്സരത്തിനിറങ്ങിയത് വഴിത്തിരിവായി. തുടർച്ചയായി 28 വർഷം ജില്ലാ, സംസ്ഥാന, ദേശീയതല ചമ്പ്യൻ ബേബി വർഗീസായിരുന്നു. 1500, 400 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ, 100 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്ക് എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇഷ്‍ടം കൂടുതൽ 1500 മീറ്റർ ഫ്രീ സ്റ്റൈലിനോട്.
കടലിലേക്ക്
2021 ഏപ്രിൽ 30ന് പഞ്ചായത്ത് വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ചെങ്കിലും നീന്തൽ കുളത്തിലെ മത്സരങ്ങളോട് വിടപറഞ്ഞില്ല. മാസ്‌റ്റേഴ്‌സ് മീറ്റിൽ സംസ്ഥാന–-ദേശീയ–-അന്തർ ദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ചു. 2022ൽ ഇന്തോനേഷ്യയിൽ നടന്ന ‘ഓഷ്യൻമാൻ’ മത്സരത്തിൽ ചാമ്പ്യനായി. ആദ്യമായാണ് കടലിൽ മത്സരിക്കാനിറങ്ങിയതെങ്കിലും സ്വർണം നേടി. 2023–-24ൽ മാസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുത്ത് 14 സ്വർണമാണ് സ്വന്തമാക്കിയത്. 2024ൽ മാത്രം ആറ് സ്വർണവും മൂന്ന് വെള്ളിയും.
വീട്ടുമുറ്റം കുളം
നീന്തലിനോടുള്ള ഇഷ്‍ടം കാരണം വീട്ടുമുറ്റത്ത് സ്വന്തം ചെലവിൽ ആധുനിക രീതിയിലുള്ള രണ്ട് നീന്തൽ കുളം നിർമിച്ച് പരിപാലിക്കുന്നുണ്ട്. 25 മീറ്റർ നീളമുള്ള രണ്ട് ട്രാക്കുകൾ മുതിർന്നവർക്കും 13 മീറ്റർ ട്രാക്ക് കുട്ടികൾക്കും. ആറ് ട്രാക്കുകളുള്ള കുളത്തിന്റെ നിർമാണം പുരോഗമിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പരിശീലനം സൗജന്യമാണ്. കുളം പരിപാലിക്കാൻ മാത്രമാവശ്യമായ ചെറിയ തുക മറ്റുള്ളവരിൽനിന്ന് വാങ്ങുന്നുണ്ട്. കുളം ദിവസേന വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യണം. വെള്ളവും മാറണം. സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റായ ബേബി ഒളിമ്പിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ സ്‍പോർട്സ് കൗൺസിൽ അംഗവുമാണ്. ‘എല്ലാവരും നീന്തൽ പഠിക്കണം, സ്‌കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണം’–ബേബി വർഗീസ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..