അടിമാലി
ചില്ലിത്തോട് ഗ്രാമകവാടത്തിൽ മുത്തുമണിപൊഴിച്ച് ചില്ലിത്തോട് വെള്ളച്ചാട്ടം. മലമുകളിലെ ചെറുഅരുവികളിലേയും നീർച്ചാലുകളിലേക്കും വെള്ളം തുമ്പിപ്പാറകുടിയിലെത്തി കൈത്തോടുകൾ വഴിയാണ് ചില്ലിത്തോട്ടിലേക്ക് പതിയ്ക്കുന്നത്. 500 അടിയോളം ഉയരത്തിൽനിന്ന് കുതിച്ചുചാടുന്ന ജലപാതം ആരുടേയും മനം കുളിർപ്പിക്കും. പാറയിൽതട്ടി മുത്തുമണികൾപൊലെ വെള്ളം ചിതറി തെറിയ്ക്കുന്നത് ആരേയും ഹരം കൊള്ളിക്കും.
ദേശീയപാതയിൽ ഇരുമ്പുപാലത്തുനിന്നും ഏകദേശം അഞ്ഞൂറ് മീറ്ററോളം ദൂരെ പടിക്കപ്പ് റോഡിൽ ചില്ലിത്തോട് ഗ്രാമത്തിന് അഴകേകിയും കുളിർമയേകിയുമാണ് വെള്ളച്ചാട്ടം. ഇവിടേക്ക് സഞ്ചാരയോഗ്യമായ വഴിയില്ലാത്തത് പ്രതിസന്ധിയായി. ചില്ലിത്തോട് പുഴയ്ക്ക് കുറുകെ നടപ്പാലം നിർമിച്ചാൽ സഹസിക സഞ്ചാരികൾക്ക് ഇതിനടുത്ത് എത്താനാകും.
ഈറ്റക്കാടിനുള്ളിലൂടെ വെള്ളച്ചാട്ടത്തിനരുകിലെത്തിയാൽ ഇതിന്റെ സൗന്ദര്യം നുകരാൻ കഴിയൂ. ചീയപ്പാറയും വാളറ വെള്ളച്ചാട്ടവും കണ്ടുമടങ്ങുന്ന സഞ്ചാരി ചില്ലിത്തോടും കാണാതെ പോകില്ല. ചുറ്റുവട്ടങ്ങളിലായി നിരവധി ആദിവാസിഗ്രാമങ്ങളും ഉൾപ്പെടുന്ന തനിനാടൻ ഗ്രാമം. നേര്യമംഗലം മുതൽ ദേശീയപാതയോരത്തും തേയില മലമടക്കുകളിലുമായി കാട്ടരുവികളും അതിമനോഹരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..