ഇടുക്കി
ബംഗാളിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ഇടുക്കി അതിർത്തിമേഖലകളിലും തമിഴ്‌നാട്ടിലും പെയ്‌ത വ്യാപകമഴ ചില കൃഷികൾക്ക് ദോഷമായി. ഉണർന്നുവന്ന ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചു. അതിർത്തികളിലും വനമേഖലയിലുമായി 20 മുതൽ 50 സെന്റീമീറ്റർവരെയാണ് മഴ രേഖപ്പെടുത്തിയത്. തുടർച്ചയായി 32 മണിക്കൂറായിരുന്നു മഴ. ചിലയിടങ്ങളിൽ നൂൽമഴയായിരുന്നെങ്കിൽ മറ്റിടങ്ങളിൽ കനത്തമഴയും പെയ്‌തു. ന്യൂനമർദമിപ്പോൾ അറബിക്കടൽ ഭാഗത്തേക്കിറങ്ങി. വൈകാതെ വീണ്ടും മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. സാധാരണ മുൻകാലങ്ങളിൽ ഡിസംബറിൽ മഞ്ഞിനൊപ്പം ചെറിയ മഴയാണ് പെയ്‌തിരുന്നത്. എന്നാൽ ഇത്തവണ കനത്ത കോടമഞ്ഞും തുടർച്ചയായ മഴയുമായിരുന്നു.അത് ചില മേഖലയിൽ വെള്ളപ്പൊക്കം ഉൾപ്പെടെ നാശങ്ങൾക്കിടയാക്കി.
മഴ കുറയുമെന്ന പ്രതീക്ഷയിൽ ഏലത്തിന്റെ ചുവട്ടിൽ മണ്ണിട്ട് വളം ചെയ്‌തവരുണ്ട്. മഴ തുടർന്നാൽ അഴുകൽ ഉണ്ടാവുമെന്ന ഭീതിയിലാണ് കർഷകർ. അഞ്ചുനാട് മേഖലയിലുണ്ടായ കനത്തമഴ പച്ചക്കറികൃഷിക്ക് ദോഷമായി. ചെറിയ മഴയായിരുന്നെങ്കിൽ ഗുണംചെയ്‌തേനെ. ഉടുമ്പൻചോല മണ്ഡലത്തിലെ കരുണാപുരം, പാമ്പാടുംപാറ, വണ്ടൻമേട് മേഖലയിൽ വ്യാപകമായി മഴപെയ്‌തപ്പോൾ കൂട്ടാർ, കല്ലാർ പുഴയൊഴുകുന്ന തീരമേഖലയിൽ വെള്ളപ്പൊക്കമുണ്ടായി. ചിലയിടങ്ങളിൽ വീടുകളിൽ വെള്ളംകയറി. മരം വീണും മണ്ണും പാറയിടിഞ്ഞും ചിലയിടത്ത് ഗതാഗതതടസ്സം ഉണ്ടായി.
ഉടുമ്പൻചോലയിൽ
51 മില്ലീ മീറ്റർ
ഡാം സേഫ്‌ടി റിസർച്ച് വിഭാഗം ശേഖരിച്ച കണക്കുപ്രകാരം കഴിഞ്ഞദിവസം കൂടുതൽ മഴപെയ്‌തത് ഉടുമ്പൻചോല മേഖലയിലാണ്, 51 മി. മീറ്റർ. ഇടുക്കി പദ്ധതി മേഖലയിൽ കുറവായിരുന്നു, 23.20 മി. മീറ്റർ. കൂടാതെ മഴ മാപിനികേന്ദ്രങ്ങളായ ആലടി 30.4, ആനവിലാസം 43.2, കടമാക്കുഴി 49.4, കട്ടപ്പന 37.8, കുളമാവ് 19.6, മീൻമുട്ടി 27.8, തട്ടാത്തിക്കുടി 48 മി.മീറ്റർ എന്നീ ക്രമത്തിലായിരുന്നു മഴ. ജലസംഭരണി പ്രദേശങ്ങളായ ലോവർ പെരിയാർ 17, കല്ലാർകുട്ടി 13, ചെങ്കുളം 15.40, കുണ്ടള 34.8, മാട്ടുപ്പെട്ടി 21.2, പൊന്മുടി 19, ആനയിറങ്ങൽ 36 മില്ലിമീറ്റർ ക്രമത്തിലും മഴ രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..