എഴുകുംവയൽ
റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 93 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന തൂവൽ പാലം ഉടൻ യഥാർഥ്യമാക്കുമെന്ന് എം എം മണി എംഎൽഎ. നെടുങ്കണ്ടം പഞ്ചായത്തിലെ എഴുകുംവയൽ– -തൂവൽ- പത്തുവളവ് റോഡ് നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നിർമാണ പ്രവൃത്തികൾക്കായുള്ള സാങ്കേതിക നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുമരാമത്ത് രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൂവൽ ജങ്‌ഷനിൽ നടന്ന യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് അധ്യക്ഷനായി. പിഡബ്ല്യൂഡി നെടുങ്കണ്ടം സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ചിത്ര കെ തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി.
2023-–24 ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ മുതൽ മുടക്കിൽ ബിഎംബിസി നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. അഞ്ച് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടുകൂടി പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുക. സംരക്ഷണ ഭിത്തി, കലുങ്ക്, ഓട, മറ്റ് റോഡ് സുരക്ഷ സംവിധാനങ്ങൾ ഉൾപ്പടെയുള്ള റോഡിന്റെ നിർമാണപ്രവർത്തികൾ മെയ് മാസത്തോടെ പൂർത്തീകരിക്കും.
ചടങ്ങിൽ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, വൈസ് പ്രസിഡന്റ് അജേഷ് മുതുകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി തോമസ്, നെടുങ്കണ്ടം പഞ്ചായത്ത് അംഗങ്ങളായ സുരേഷ് പള്ളിയാടി, ബിന്ദു സഹദേവൻ, വിജി വിജയൻ, പ്രീമി ലാലിച്ചൻ ,ലിനി മോൾ ജോസ്, സഹകരണ യൂണിയൻ ഡയറക്ടർ വി സി അനിൽ, എഴുകുംവയൽ പ്രസിഡന്റ് സാബു മണിമലകുന്നേൽ, എഴുകുംവയൽ പ്രസിഡന്റ് കെ പി രാജൻ, തൂവൽ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഷാജി പള്ളിവാതുക്കൽ, ജോണി പുതിയാപറമ്പിൽ, വിൻസെന്റ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..