ഇടുക്കി
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സത്രം, മുക്കുഴി എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മലകയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള മുന്നറിയിപ്പ് ബോർഡുകൾ ആറുഭാഷകളിൽ 10 സ്ഥലങ്ങളിൽ സ്ഥാപിക്കും. ആരോഗ്യവകുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കുമളി പിഎച്ച്സിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ എസ് സുരേഷ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തുമെന്ന് ഉറപ്പാക്കും. കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യും. വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിൽ ഡോക്‍ർമാരുടെ സേവനമുണ്ടാകും. പാരാമെഡിക്കൽ സ്റ്റാഫുകളുമുണ്ടാകും. സത്രം വഴി തീർഥാടകർക്ക് മെഡിക്കൽ സൗകര്യം ഉറപ്പാക്കാൻ സീറോ പോയിന്റിൽ ആരോഗ്യസംഘത്തെ നിയോഗിക്കും. താവളങ്ങളിൽ അധികമായി നിയമിക്കുന്ന സ്റ്റാഫിന് അതത് മെഡിക്കൽ ഓഫീസർമാർ നിർദേശങ്ങൾ നൽകും. കൺട്രോൾ റൂമുകളും സജ്ജമാക്കും. മൂന്നിടങ്ങളിൽ അത്യാഹിത വിഭാഗവും വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ ഒപി വിഭാഗവും ഒരുക്കും. സീതക്കുളത്ത് ഓക്സിജൻ സപ്ലൈ യൂണിറ്റ് സ്ഥാപിക്കും. കരുണാപുരം, കാഞ്ചിയാർ, പീരുമേട്, വണ്ടിപ്പെരിയാർ, ചക്കുപള്ളം, ഏലപ്പാറ, കട്ടപ്പന, അയ്യപ്പൻകോവിൽ ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..