22 December Sunday

സ്വപ്‌നപദ്ധതി മാങ്കുളം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

തുരങ്കത്തിനുള്ളിൽ കോൺക്രീറ്റ് ലെെനിങ് ജോലികൾ

 ഇടുക്കി

നാല്‌ പതിറ്റാണ്ട്‌ ആലോചനയിലുണ്ടായിരുന്ന സ്വപ്നപദ്ധതിയാണ്‌ മാങ്കുളം. സംസ്ഥാനത്തെതന്നെ വികസനകുതിപ്പാകുന്ന പദ്ധതി ആദ്യഘട്ടം പുരോഗമിക്കുന്നു. 40 മെഗാവാട്ട്‌ പദ്ധതിയുടെ 30 ശതമാനം പൂർത്തിയായ്‌. മാങ്കുളം മേലാച്ചേരി പുഴയിലെ ജലം ഉപയോഗിച്ചാണ് രണ്ട്‌ ഘട്ടങ്ങളിലായുള്ള 80  മെഗാവാട്ട്‌ വൈദ്യുത ഉൽപ്പാദനം ലക്ഷ്യമിടുന്നത്. 
2022 ഏപ്രിലിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനം ചെയ്‌തത്‌. മുൻ മന്ത്രി എം എം മണിയുടെ ശ്രമഫലംകൂടിയാണീ പദ്ധതി. പദ്ധതിക്ക്‌ പ്രധാന തടസമായിനിന്നത്‌ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. 250 പേരിൽനിന്നായി ഭൂമി വിലനൽകി ഏറ്റെടുത്തു. 80.01 ഹെക്ടർ ഭൂമിയിൽ 11.91 ഹെക്ടർ വനഭൂമി, 15.16 ഹെക്ടർ പുഴയോരം, പട്ടയ, പട്ടയരഹിത സ്വകാര്യഭൂമിയുമാണ്‌ ഏറ്റെടുത്തത്‌. ഒന്നാം ഘട്ടം 2026ൽ പൂർത്തീകരിച്ച് വൈദ്യുതോൽപ്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ 2.5 കിലോ മീറ്റർ നീളവും 3.6 മീറ്റർ വ്യാസവുമുള്ള ടണൽ, 110 മീറ്റർ നീളവും മൂന്നു മീറ്റർ വ്യാസവുമുള്ള സർജ് ഷാഫ്റ്റും നിർമാണം, ടണലിലേക്കുള്ള മറ്റൊരുവഴി, ലോ പ്രഷർ പൈപ്പ്‌ ലൈൻ, പെരുമ്പൻകുത്ത് പാലം, പവർ ഹൗസിലേക്കുള്ള റോഡ്  എന്നിവ നേരത്തെ പൂർത്തിയായി. കുറത്തിക്കുടിയിലെ പവർ ഹൗസ് സൈറ്റിലേക്കുള്ള പ്രവേശനം നിലവിലുള്ള കൂപ്പ്‌ റോഡ്(പഴയ ആലുവ മൂന്നാർ റോഡ്) വഴിയാണ്.  
ആദ്യഘട്ടമുള്ള ടണലും റോഡും മറ്റ്‌ അനുബന്ധ നിർമാണങ്ങളുമെല്ലാം രണ്ടാം ഘട്ടത്തിനും പ്രയോജനപ്പെടുത്താം. രണ്ടാംഘട്ടത്തിൽ കടലാർ, രാജമലയാർ എന്നീ പുഴകളിൽനിന്നും തിരിച്ചുവിടുന്ന ജലവും കൂടി ചേരുമ്പോഴാണ്‌ സ്ഥാപിതശേഷി 80 മെഗാവാട്ടായി വർധിപ്പിക്കാനാവുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top