പീരുമേട്
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പീരുമേട് പഞ്ചായത്ത് വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ ഗ്രീൻ ടോൾഗേറ്റ് സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനംചെയ്‍തു. പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ അധ്യക്ഷനായി. പരുന്തുംപാറയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
തടയണ, പെഡൽ ബോട്ടിങ് തുടങ്ങിയവ ആദ്യഘട്ടമെന്ന നിലയില്‍ സ്ഥാപിക്കും. പ്രാഥമിക സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയിരുന്നു. നിലവിൽ വാഹന പാർക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവർത്തനം എന്ന നിലയിൽ വാഹനങ്ങളില്‍നിന്നും ചെറിയ ഫീസീടാക്കി ഗ്രീൻ ടോൾഗേറ്റ് സ്ഥാപിക്കുകയായിരുന്നു. പരുന്തുംപാറയിൽ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന മൊട്ടക്കുന്നുകളും കൊക്കകളും ഇളംകാറ്റും വൈകുന്നേരങ്ങളിലെ മഞ്ഞും സൂര്യാസ്തമയവും സഞ്ചാരികളെ ആകർഷിക്കുന്നു. പ്രധാന ശബരിമല മകരവിളക്ക് ദർശനകേന്ദ്രം കൂടിയാണിവിടം. വൈസ് പ്രസിഡന്റ് ലക്ഷമി ഹെലൻ, വാര്‍ഡംഗം എ രാമൻ, സ്ഥിരംസമിതി അധ്യക്ഷൻ എ ജെ തോമസ്, സെക്രട്ടറി പ്രേം നിർമൽ, സിപിഐ എം പീരുമേട് ഏരിയ കമ്മിറ്റിയംഗം സി ആർ സോമൻ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..