19 September Thursday

കോട്ടത്തോട്ടിൽ മൂന്നു തൈക്കൻ; 
കവണാറിൽ കർണ്ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

36ാമത് കവണാറ്റിൻകര ടുറിസം ജലമേളയിൽ നടന്ന മത്സരവള്ളം കളിയിൽനിന്ന്. കവണറ്റിൻകര പാലത്തിൽനിന്നുള്ള
ദൃശ്യം.

 കുമരകം 

കുമരകം  മത്സരവള്ളംകളിയിൽ കുമരകം ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ മൂന്നു തൈക്കൻ  ശ്രീനാരായണ എവർ റോളിങ്‌ ട്രാേഫിയിൽ മുത്തമിട്ടു. തുടക്കം മുതൽ അവസാനം വരെ ആവേശം അലതല്ലിയ  ഫെെനൽ മത്സരത്തിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി ജി കർണ്ണനെ ഒരു തുഴപ്പാടിന് പിന്തള്ളിയാണ് കെ പി ബാലാജിയുടെ നേതൃത്വത്തിൽ മത്സരിച്ച മൂന്നുതെെക്കൻ വിജയിച്ചത്‌. ശ്രീകുമാരമംഗലം ക്ഷേത്രകടവിൽനിന്നും ഘോഷയാത്രയായി കളിവള്ളങ്ങൾ കോട്ടത്തോടിന്റെ  ഫിനീഷിങ്‌ പോയിന്റിൽ എത്തിയപ്പോൾ മന്ത്രി വി എൻ വാസവൻ ജലമേള ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ വി എസ്‌ സുഗേഷ്‌ അധ്യക്ഷനായി. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട്  റെയ്സ് ക്ലബ്‌ വിവിധ മേഖലകളുടെ സഹകരണത്തോടെയാണ്‌ തിരുവോണനാളിൽ കോട്ടത്തോട്ടിൽ 121 - മത് ശ്രീനാരായണ  ജയന്തി വള്ളംകളി നടത്തിയത്‌.ഗുരുവിന്റെ കുമരകം സന്ദർശനത്തിന്റെ സ്മരണയ്‌ക്കാണ്‌ മത്സരവള്ളംകളി നടത്തുന്നത്‌. കവണാറ്റിൻകരയിൽ തിങ്കളാഴ്‌ച നടന്ന ടൂറിസം ജലമേള വിനോദസഞ്ചാരികൾക്ക്‌ ആവേശമായി. വിവിധ റിസോർട്ടുകളിലായി എത്തിയ വിനോദ സഞ്ചാരികളെ വാദ്യമേളങ്ങൾ മുഴക്കി സ്വീകരിച്ചു. തിരുവോണം അവിട്ടം ദിവസങ്ങളിലാണ് കുമരകത്ത്‌  വള്ളംകളി മത്സരം നടക്കുന്നത്‌. കവണാറ്റിൻകര ടൂറിസം ജലമേളയിൽ കവണാർ സിറ്റി ബോട്ട് ക്ലബ് തുഴഞ്ഞ ഇരുട്ടുകുത്തി ഒന്നാംതരത്തിൽ കർണ്ണൻ വിജയക്കൊടി പാറിച്ചു. മന്ത്രി വി എൻ വാസവനാണ്‌ ജലോത്സവം ഉദ്ഘാടനം ചെയ്തത്‌. ഫ്രാൻസിസ് ജോർജ് എംപി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top