26 December Thursday
വന്യമൃഗശല്യം

കാന്തല്ലൂർ നിവാസികൾ തെരുവിലിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

കാന്തല്ലൂർ വനം ഓഫീസിന്‌ മുമ്പിൽ നടന്ന സമരം കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

 മറയൂർ

കാട്ടാനക്കൂട്ടം കാന്തല്ലൂരിലെ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും വിഹരിക്കുമ്പോൾ നടപടി സ്വീകരിക്കാത്ത വനം വന്യജീവി വകുപ്പിന്റെ നടപടിക്കെതിരെ കാന്തല്ലൂർ നിവാസികൾ ഒന്നടങ്കം തെരുവിലറങ്ങി പ്രതിഷേധിച്ചു. ‘കൃഷിയിടങ്ങളിൽ തമ്പടിച്ചിരിക്കുന്ന വന്യ മൃഗങ്ങളെ കാട്ടിനുള്ളിലേക്ക് തുരത്തുക എന്നമുദ്രാവാക്യമുയർത്തി കാന്തല്ലൂർ വനംവകുപ്പ് സ്റ്റേഷന് മുമ്പിലാണ്‌ പ്രതിഷേധം സമരം ആരംഭിച്ചത്. പയസ്‌ നഗറിൽനിന്നും ആരംഭിച്ച പ്രകടനം കാന്തല്ലൂർ വനംവകുപ്പ്‌ സ്റ്റേഷന് മുമ്പിൽ സമാപിച്ചു. തുടർന്ന്‌ ധർണയും നടത്തി. ആയിരത്തിലേറെ പേരാണ്‌ സമരത്തിൽ അണിനിരന്നത്‌.
 സമരം കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മറ്റിയഗം പി പുലിക്കുട്ടി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ, പഞ്ചായത്ത് അംഗങ്ങളായ കൊച്ചുത്രേസ്യ, എസ് ആർ മണികണ്ഠൻ, കാർത്ത്യായനി, പി ടി തങ്കച്ചൻ, സമരസമതി ചെയർമാൻ എ എസ് ശ്രീനിവാസൻ, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ടി ജി അനൂപ് കൂമാർ, വിവിധ പാർടി നേതാക്കളായ വി ജി പാപ്പച്ചൻ എസ് ശിവൻ രാജ്, കെ മോഹനൻ, ശരവണദാസ്, എന്നിവർ സംസാരിച്ചു.
കാട്ടാനയെ ഭയന്ന്‌ രാത്രി 
പുറത്തിറങ്ങാതെ ജനങ്ങൾ
കോവിൽക്കടവ്–- കാന്തല്ലൂർ റോഡിൽ  കാട്ടാനയെ ഭയന്ന്‌ രാത്രി സഞ്ചരിക്കാൻ കഴിയാത്ത സഹചര്യമാണ്. കാട്ടാനയുടെ മുമ്പിൽപ്പെട്ട്‌ തലനാരിഴക്ക് ജീവൻ തിരികെ കിട്ടിയവരും പരിക്കേറ്റ്‌ കഴിയുന്നവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയാണ് സമരത്തിനിറങ്ങിയത്. 
  ഹെക്ടർ കണക്കിന് ശീതകാല പച്ചക്കറിയും കരിമ്പ് കൃഷിയുംനശിപ്പിക്കപ്പെട്ടു. ചിന്നാർ വന്യജീവി സങ്കേതത്തോട് ചേർന്ന്കിടക്കുന്ന പമ്പൻപാറ, ചുരക്കൂളം, ചന്ദ്രമണ്ഡലം, പെരടിപള്ളം എന്നിവടങ്ങളിൽ കർഷകർ കൃഷി ഉപേക്ഷിച്ച് തരിശിട്ടു. വനാതിർത്തിയിലെ കൃഷി കർഷകർ ഉപേക്ഷിച്ചിട്ട്‌ അഞ്ചുവർഷങ്ങളായി .ഈ സാഹചര്യത്തിലാണ് തീറ്റതേടി കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. കാന്തല്ലൂരിൽ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സിപിഐ എം മറയൂർ ഏരിയ കമ്മറ്റിയംഗം എ എസ് ശ്രീനിവാസൻ ചെയർമാനായ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ്‌ സമരം സംഘടിപ്പിച്ചത്‌. 
വീഴ്ച്ചവരുത്തിയാല്‍ 
തുടർസമരം
കാന്തല്ലൂരിലെ ജനങ്ങളെയും കർഷരെയും വന്യമൃഗങ്ങളിൽനിന്നും സംരക്ഷണം ഒരുക്കുന്നതിൽ വനം വകുപ്പ് വീഴ്‌ചവരുത്തിയാൽ കാന്തല്ലൂർ വനം ഓഫീസിനു മുന്നിൽ തുടർസമരം ആരംഭിക്കാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. വന്യമൃഗ ശല്യം അതിരൂക്ഷമായ മേഖലകളിൽ വനംവകുപ്പിന്റെ റെസ്പോൺസ്‌ ടീമിനെ നിയമിക്കണമെന്ന് സർക്കാർ ഉത്തരവുള്ളതാണ്. കാട്ടാനഎത്തുമ്പോൾ സിഗ്നൽലൈറ്റും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുമ്പോൾ പ്രദേശവാസികളുടെ മൊബൈലിലേക്ക് സന്ദേശം എത്തുമായിരുന്നു. സ്റ്റേഷനിൽ അറിയിച്ചാൽ ഉടൻ വാച്ചർമാർ ഉൾപ്പെടയുള്ള സംഘത്തെ അയച്ച് സുരക്ഷ ഒരുക്കിയിരുന്നു. സർക്കാർ ഒരുക്കി നൽകിയ സംവിധാനങ്ങൾ ഇപ്പോൾ പ്രവർത്തിപ്പിക്കാൻ മറയൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. 
   സർക്കാർനയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം തുടർന്നാൽ തുടർസമരം ആരംഭിക്കുന്നതിന് സമരസമിതി തീരുമാനിച്ചു. ഓരോ വാർഡിൽനിന്നും കർഷകർ ഓരോ ദിവസം എത്തി തുടർസമരം നടത്താനാണ് സമരസമിതിയുടെ തീരുമാനമെന്ന് ചെയർമാൻ എ എസ് ശ്രീനിവാസൻ, പി പുലിക്കുട്ടി, മണ്ഡലം പ്രസിഡന്റ് വി ജി പാപ്പച്ചൻ എന്നിവർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top