മൂന്നാർ
ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ കാട്ടാനക്കൂട്ടം റേഷൻ കടയുടെ ഭിത്തിയും പലചരക്ക് കടയുടെ ജനലും തകർത്തു. വിജയ ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള എആർഡി 68-മത് നമ്പർ റേഷൻ കടയുടെ മുൻ ഭാഗത്തെ ഭിത്തിയാണ് തകർത്തത്. മേൽകൂരയും ഭാഗികമായി തകർന്നു.
കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന റേഷൻ സാധനങ്ങൾ നശിപ്പിച്ചില്ല. തൊട്ടടുത്തുള്ള ജീമോന്റെ പലചരക്ക് കടയുടെ ജനൽച്ചില്ല് അടിച്ചു തകർത്തു. തിങ്കൾ പുലർച്ചെ നാലോടെ ഒരു കുട്ടിയടക്കം അഞ്ച് ആനകളാണ് റേഷൻ കടയ്ക്ക് മുമ്പിലെത്തിയത്. കട അടിച്ചു തകർക്കുന്ന ശബ്ദം കേട്ട് ലയത്തിൽനിന്നും പുറത്തിറങ്ങിയവരാണ് കാട്ടാനകളെ കണ്ടത്. ബഹളം വച്ച് ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറോളം റേഷൻ കടയ്ക്ക് മുമ്പിൽ നിലയുറപ്പിച്ചതിന് ശേഷമാണ് പിന്തിരിഞ്ഞത്. സെപ്തംബർ 19ന് പടയപ്പ ഇതേ റേഷൻ കടയുടെ മേൽക്കൂര തകർത്ത് അകത്തുനിന്നും അരി ഭക്ഷിച്ചിരുന്നു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കാട്ടാനകൾ റേഷൻ കട തകർക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..