തൊടുപുഴ
റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ ആദ്യ വനിതാ സീനിയർ വിങ് ബാൻഡ് അംഗങ്ങൾക്ക് ന്യൂമാൻ കോളേജിൽ ഉജ്വല യാത്രയയപ്പ് നൽകി. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ കാണികൾക്ക് വിസ്മയ കാഴ്ച ഒരുക്കുന്നതിനുള്ള അവസാനഘട്ട തീവ്ര പരിശീലനത്തിലാണ് ന്യൂമാൻ എൻസിസി ബാൻഡ് അംഗങ്ങൾ. മികച്ച പ്രകടങ്ങൾ കൊണ്ട് എൻസിസിയുടെ പ്രധാന പ്രോഗ്രാമുകളിലെ സ്ഥിരം ക്ഷണിതാവായി മാറിയ ബാൻഡ് രൂപീകരണകാലം മുതൽക്കേ റിപ്പബ്ലിക് ദിന പരേഡ് എന്ന സ്വപ്നം ലക്ഷ്യം വെച്ചിരുന്നു. കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജിവിഎസ് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ന്യൂമാൻ കോളേജിലെ 29 കേഡറ്റുകൾക്ക് ഒപ്പം 18 കേരള ബറ്റാലിയന് കീഴിൽ ഉള്ള മുവാറ്റുപുഴ നിർമല കോളേജിലെ ഒമ്പത് കേഡറ്റുകൾ, കോതമംഗലം എം എ കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് വീതം കേഡറ്റുകളെ കൂടി ഉൾപ്പെടുത്തി ന്യൂമാൻ എൻസിസി ബാൻഡ് വിപുലീകരിച്ചു. വനിത ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയായി നാടിന് അഭിമാനം ആയി മാറിയ ടീമിന് യാത്രയപ്പ് നൽകുവാൻ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടതിൽ അധ്യക്ഷനായി.18 കേരള കമാൻഡിങ് ഓഫീസർ കേണൽ പ്രശാന്ത് നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ്, ലഫ്. കേണൽ അനിരുദ്ധ് സിങ്, റോയ് പുളിമൂട്ടിൽ, കോളേജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു, ബർസാർ ബെൻസൺ എൻ ആന്റണി, സുബൈദർ മേജർ സുഗ്ജിത് സിംഗ് എന്നിവർ സംസാരിച്ചു. ടീമിനെ യാത്രയാക്കാൻ സൈനിക ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർക്കൊപ്പം നിർമല, എം എ, സെന്റ് പീറ്റേഴ്സ് കോളേജുകളിലെ കേഡറ്റുകൾ കൂടി അണിനിരന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..