നെടുങ്കണ്ടം
ഹൈറേഞ്ചിലെ ചന്ദനമാഫിയകൾക്ക് അന്തർസംസ്ഥാനബന്ധം. ചില പ്രതികൾക്കായി അന്വേഷണം ഊർജിതം. ചന്ദനം വെട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെയാണ് വിവിധയിടങ്ങളിൽനിന്ന് പിടികൂടിയത്.
140 കിലോ ചന്ദനവും ആയുധങ്ങളും രണ്ട് കാറും ഇതുവരെ പിടികൂടി. 20 ലക്ഷത്തിലധികം രൂപയുടെ മൂല്യമുള്ള ചന്ദനമാണ് ഇതുവരെയും പിടിച്ചെടുത്തതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ലഗീരൻ എന്നുവിളിക്കുന്ന അഖിൽ, തൂക്കുപാലത്തെ വർക്ക് ഷോപ്പ് തൊഴിലാളി സച്ചു, തൂക്കുപാലം സ്വദേശി ബിജു, പൊക്കൻ ഷിബു, ചേറ്റുപാറ കളത്തിൽ അങ്കിൾ എന്നുവിളിക്കുന്ന ബാബു ജോസഫ് തുടങ്ങിയവരെയാണ് മാഫിയയിലെ മുഖ്യ കണ്ണികൾ. പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ച് വനംവകുപ്പ് അന്വേഷണം നടത്തി.
തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി പൊലീസുകാരൻ സുനീഷ് ചെറിയാനെ പിടികൂടിയതോടെയാണ് ചന്ദനക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്. ഏറ്റവുമൊടുവിൽ പിടിയിലായത് മുഖ്യസൂത്രധാരനായ അഖിലാണ്. തൂക്കുപാലത്ത് ആളൊഴിഞ്ഞ വീട്ടിൽനിന്ന് 55കിലോ ചന്ദനകാതലുമായാണ് ഇയാൾ പിടിക്കപ്പെട്ടത്. ചോറ്റുപാറ കളത്തിൽ ബാബുവിൽനിന്ന് 45 കിലോ ചന്ദനവും വനപാലകർ കണ്ടെടുത്തിരുന്നു. അന്തർസംസ്ഥാന കണ്ണികളിലേക്കും അന്വേഷണം ആരംഭിച്ചതായി അന്വേഷകസംഘം വ്യക്തമാക്കി.
പുരയിങ്ങളിൽനിന്നുള്ള ചന്ദനം വെട്ടി വിവിധ മേഖലകളിലേക്ക് വർഷങ്ങളായി കടത്തിവരികയായിരുന്നു ഈ ചന്ദന മാഫിയ എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2022 ലെ രാമക്കൽമേട് ചന്ദനമോഷണക്കേസ് ഉൾപ്പെടെ പ്രത്യേക അന്വേഷകസംഘം തുടരന്വേഷണം നടത്തിയിരുന്നു. പൊട്ടക്കിണറ്റിൽനിന്ന് 10 ചാക്ക് നിറയെ ചന്ദനത്തടികൾ ലഭിച്ചു.
തൂക്കുപാലം, സന്യാസിയോട, കോമ്പമുക്ക്, ചോറ്റുപാറ എന്നിവിടങ്ങളിൽനിന്നും ചന്ദനമരങ്ങൾ മുറിച്ച് കടത്തുന്നതായി പരാതിലഭിച്ചതിനെ തുടർന്ന് കോട്ടയം ഡിഎഫ്‌ഒ എൻ രാജേഷ്, ഇടുക്കി ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്‌ഒ എം ജി വിനോദ് കുമാർ എന്നിവരുടെ നിർദേശപ്രകാരം കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിരുന്നു. അന്തർസംസ്ഥാന ചന്ദനമാഫിയ സംഘങ്ങളെ അന്വേഷിച്ച് രാത്രിയും പകലും പട്രോളിങ് നടത്തുന്നുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി എം ജേക്കബ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..