08 September Sunday
എസ്എഫ്ഐയുടെ സമരം ഫലംകണ്ടു

മൂന്നാര്‍ ​ഗവ. കോളേജ് പുനര്‍നിര്‍മാണം: മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
 
മൂന്നാർ 
2018ലെ പ്രളത്തിൽ തകർന്ന മൂന്നാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഉടൻ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സമരം ഫലംകണ്ടു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഒരാഴ്‍ചയ്‍ക്കുള്ളില്‍ മൂന്നാറില്‍ നേരിട്ടെത്തി കോളേജ് പുനര്‍നിര്‍മാണത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ അഡ്വ. എ രാജ എംഎല്‍എ, കോളേജ് പ്രിന്‍സിപ്പല്‍, എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍, മറ്റ് വകുപ്പുതല ഉദ്യോ​ഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ സമരം അവസാനിച്ചതായി എസ്എഫ്ഐ നേതൃത്വം അറിയിച്ചു. 
കഴിഞ്ഞ 15ന് കോളേജില്‍ പഠിപ്പുമുടക്കിയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. മുമ്പും കോളേജ് പുനർനിർമാണത്തിനുള്ള കാലതാമസത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സമരംചെയ്‍തിട്ടുണ്ട്. തുടർന്നാണ് മണ്ണ് പരിശോധന അടക്കമുള്ള പ്രവൃത്തികള്‍ നടത്തിയത്. എന്നാൽ പിന്നീട് സ്ഥലം വിട്ടുനൽകുന്നതിലെ അലംഭാവമാണ് വീണ്ടും എസ്എഫ്ഐയെ സമരരംഗത്തിറങ്ങിയത്. ലഭിച്ചിരിക്കുന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന്‌ ജില്ലാ നേതൃത്വം അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top