കുമളി
മുല്ലപ്പെരിയാറിന്റെ പദ്ധതിപ്രദേശത്ത് മഴപെയ്‌തതോടെ തമിഴ്‌നാടിന് ഏറെ ആശ്വാസം. ഇവിടെനിന്നുള്ള ജലമാണ് ലോവർ ക്യാമ്പിലെ വൈദ്യുതോൽപ്പാദനത്തിനുശേഷം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നത്. ഇക്കുറി തേനി ജില്ലയിലെ 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ അപൂർവം ദിവസങ്ങളിൽ നേരിയമഴയാണ് ലഭിച്ചത്. ജൂണിൽ പ്രതീക്ഷിച്ച മഴ മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ചിരുന്നില്ല. തേനി, മധുര, ദിണ്ടിഗൽ, രാമനാഥപുരം, ശിവഗംഗ, വിരുദനഗർ ഉൾപ്പെടെയുള്ള ജില്ലകളിലെ ലക്ഷക്കണക്കിന് പ്രദേശത്താണ് മുല്ലപ്പെരിയാർ ജലമുപയോഗിച്ച് കൃഷിയിറക്കുന്നത്. തേനിയും സമീപ ജില്ലകളിലും അപൂർവ ദിവസങ്ങളിൽ നേരിയ മഴ മാത്രമാണ് പെയ്തതും. മഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനും ജലസേചനത്തിനും ഉൾപ്പെടെ വലിയതോതിലുള്ള പ്രതിസന്ധി രൂപപ്പെടുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മുല്ലപ്പെരിയാർ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്‌തത് തമിഴ്‌നാട്ടിലെ കർഷകർക്ക് ശുഭപ്രതീക്ഷയായി.
ജൂലൈ ഒന്നു മുതൽ 17 വരെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് 272.2 മില്ലിമീറ്റർ മഴ പെയ്തു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽപ്പെട്ട തേക്കടിയിൽ 161.4 മില്ലിമീറ്ററും കുമളിയിൽ 168.4 മില്ലീമീറ്ററും മഴ പെയ്തു. എന്നാൽ വൈഗ അണക്കെട്ട് പ്രദേശത്ത് 17 ദിവസത്തിനുള്ളിൽ ആകെ 14.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. വൈഗയിൽ പലപ്പോഴായി അഞ്ചുനാൾ മാത്രമാണ് മഴ പെയ്തത്.
മുല്ലപ്പെരിയാറിൽനിന്ന് ജൂലൈയിൽ തമിഴ്നാട് ഓരോ സെക്കൻഡിലും 1200 ഘനയടിയോളം വെള്ളം കൊണ്ടുപോയി. ഇതോടൊപ്പം ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സും മുല്ലപ്പെരിയാർ ജലമാണ്. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിക്ക് സമീപം വൈഗ നദിക്ക് കുറുകെയാണ് അണക്കെട്ട് നിർമിച്ചത്. 1959 ജനുവരി 21നാണ്. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കെ കാമരാജാണ് വൈഗ അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..