കരിമണ്ണൂർ
കനത്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി കരയ്‍ക്കെത്തിച്ചു. മുള്ളരിങ്ങാട് ലൂർദ്‌മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പിള്ളിയുടെ കാറാണ് വെള്ളി രാത്രി ഒഴുക്കിൽപ്പെട്ടത്. കാറിനകത്തുണ്ടായിരുന്ന വൈദികനെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പള്ളിപരിസരത്തുനിന്ന് 300 മീറ്ററോളം അകലെ പുഴയിൽനിന്നാണ് ശനിയാഴ്‌ച കാർ കണ്ടെത്തിയത്. വെള്ളി വൈകിട്ട് ആറിന് ആരംഭിച്ച ശക്തമായ മഴ രത്രി 10ഓടെയാണ് ശമിച്ചത്. മുള്ളരിങ്ങാട് പുഴ കരകവിഞ്ഞൊഴുകി. വെള്ളിലാംതൊട്ടി വെള്ളരിങ്ങാട് തങ്കച്ചന്റെ വീടിന്റെ പിറകുവശത്തെ മൺതിട്ട ഇടിഞ്ഞുവീണു. റോഡിൽ പലസ്ഥലത്തും കല്ലും മണ്ണും വീണുണ്ടായ ഗതാഗത തടസം നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നീക്കി. മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകരാറിലായിരുന്നു. വണ്ണപ്പുറം കെഎസ്‌ഇബി അസിസ്‌റ്റന്റ് എൻജിനിയറും സബ് എൻജിനിയറും വിവരമറിഞ്ഞിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ തയാറായില്ല. ഇതുമൂലം രാത്രി സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്‌ക്ക് ഒടിഞ്ഞുവീണ മരങ്ങൾ മുറിച്ചു മാറ്റാനാകാതെ മടങ്ങേണ്ടിവന്നു. വിവരം അറിയിച്ചവരോട് സബ് എൻജിനിയർ അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതോടെ ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ശനി ഉച്ചയേടെ മുള്ളരിങ്ങാട് ജനജീവിതം സാധാരണ നിലയിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..