കട്ടപ്പന
കാലവർഷത്തിൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പുയർന്നതോടെ അയ്യപ്പൻകോവിൽ തൂക്കുപാലത്ത് സന്ദർശകർ എത്തിത്തുടങ്ങി. തേക്കടി, വാഗമൺ, ഇടുക്കി മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരിൽ നിരവധിപേർ ഇവിടവും സന്ദർശിച്ചാണ് മടങ്ങുന്നത്. തൂക്കുപാലത്തിൽനിന്നുള്ള ജലാശയത്തിന്റെ വിദൂരക്കാഴ്ചകളാണ് പ്രധാന ആകർഷണം. കൂടാതെ, അണക്കെട്ടിൽ വള്ളം സവാരിയും തുടങ്ങിയിട്ടുണ്ട്. മലബാർ മേഖലകളിൽനിന്നുള്ള സന്ദർശകരാണ് ഏറെയും.
തൂക്കുപാലത്തിനുസമീപം ശൗചാലയ കോംപ്ലക്സ് നിർമാണം പൂർത്തിയായി. വൈദ്യുതി കണക്ഷനും വെള്ളവും ലഭ്യമാക്കി ഇവിടേയ്ക്കുള്ള റോഡിന്റെ നിർമാണവും പൂർത്തിയാക്കിയശേഷം തുറന്നുകൊടുക്കും. ശുചിത്വമിഷന്റെ 15 ലക്ഷവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 15 ലക്ഷവും ചെലവഴിച്ചാണ് നിർമിച്ചത്. അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുന്നതോടെ സന്ദർശകർ കൂടുമെന്നാണ് കരുതുന്നത്. മാട്ടുക്കട്ട-–തൂക്കുപാലം റോഡ് നിർമിച്ചതോടെ നാട്ടുകാർക്കും സഞ്ചാരികൾക്കും പ്രയോജനപ്രദമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ മുതൽമുടക്കിലാണ് എട്ടുമാസം മുമ്പ് റോഡ് ടാർ ചെയ്തത്.
വള്ളം സവാരി ഹിറ്റ്
ജലാശയത്തിലെ വള്ളം സവാരി സന്ദർശകർക്ക് ഏറെ പ്രിയങ്കരം. ഒരേസമയം അഞ്ചുമുതൽ എട്ടുപേർക്ക് വരെ സവാരി നടത്താവുന്ന മൂന്ന് വള്ളങ്ങളാണുള്ളത്. വള്ളത്തിലിരുന്ന് ദൃശ്യങ്ങൾ ചിത്രീകരിക്കാനും നിരവധിപേർ എത്തുന്നുണ്ട്. തൂക്കുപാലത്തിന്റെ സമീപത്തുനിന്ന് സവാരി ആരംഭിച്ച് പുരാതന അയ്യപ്പൻകോവിൽ ക്ഷേത്രത്തിന്റെ പരിസരംവരെ യാത്ര ചെയ്യാം. 20 മിനിറ്റ് യാത്രയ്ക്ക് 300 രൂപയും 45 മിനിറ്റിന് 600 രൂപയുമാണ് നിരക്ക്. മഴ ശമിക്കുന്നതോടെ സന്ദർശകരുടെ തിരക്കേറുമെന്ന് വള്ളം ഉടമ അയ്യപ്പൻകോവിൽ സ്വദേശി ഔസേപ്പച്ചൻ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..