23 December Monday

രുചിവസന്തമായി മരത്തക്കാളി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

മറയൂർ

വൈകിയെത്തിയ മഴയില്‍ പച്ചപുതച്ച‌ തോട്ടങ്ങളില്‍ വിളവെടുപ്പിന് പാകമായ ചുവന്നുതുടുത്ത മരത്തക്കാളികള്‍. മറയൂർ മലനിരകളിലാണ് കര്‍ഷകര്‍ക്കും സഞ്ചാരികള്‍ക്കും മനംനിറയുന്ന ഈ കാഴ്‍ച. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ത്യയില്‍ അപൂര്‍വമായി മാത്രം വളരാറുള്ള മരത്തക്കാളി വിളവെടുക്കാറായത്. മറയൂർ, കാന്തല്ലൂർ, മൂന്നാർ പ്രദേശങ്ങള്‍ സന്ദർശിക്കാനെത്തുന്ന സഞ്ചാരികളാണ് പ്രധാന ഉപഭോക്താക്കൾ. കിലോയ്‍ക്ക് 100മുതൽ 150രൂപ വരെ കർഷകന് ലഭിക്കുന്നു.
ഓവൽ ആകൃതിയിൽ കാണപ്പെടുന്ന പഴത്തിനുള്ളിൽ തക്കാളിയുടെ ഉൾവശത്തിനു സമാനമായ വിത്തുകളോട് കൂടിയുള്ള ഭാ​ഗമാണ് ഭക്ഷിക്കുന്നത്. ഒട്ടും മധുരമില്ലെങ്കിലും ആസ്വാദ്യകരമായ രുചിയനുഭവം കഴിക്കുന്നവര്‍ക്ക് നല്‍കും. ധാരാളംപേരാണ് മരത്തക്കാളി വാങ്ങാനെത്തുന്നത്. ഏതൻസ്, പെറു എന്നീ രാജ്യങ്ങളിലാണ് ഈ സസ്യം ആദ്യം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡിലാണ് ലോകത്ത് ഏറ്റവുമധികം ഉൽപാദനം.  
തോട്ടം നിർമാണത്തിനായി മൂന്നാറിലെത്തിയ യൂറോപ്യന്മാരാകാം ഇവിടെയും വച്ചുപിടിപ്പിച്ചതെന്ന് കരുതുന്നു, വർഷങ്ങളായി മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ ഇവ വളരാറുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യം കൈവരിച്ചത് അടുത്തകാലത്താണ്. ഒരുടണ്ണിനടുത്ത് ഉൽപാദനമാണ് നിലവിലുള്ളത്. ട്രീ ടൊമാറ്റോ, ടാമറില്ലാ എന്നീ ഇംഗ്ലീഷ് പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിന് ശീമകത്തിരി എന്നാണ് പ്രാദേശികനാമം. ആ​ഗസ്‍ത്, സെപ്‍തംബര്‍ മാസങ്ങളിലാണ് സുലഭമാവുന്നത്. 15മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരുചെടിയിൽനിന്നും 20കിലോ വരെ വിളവ് ലഭിക്കും. പഴത്തിനുള്ളിലെ വിത്തിൽനിന്നുള്ള തൈ വളർത്തിയാണ് കൃഷി ആരംഭിക്കുക. തൈനട്ട് നാലു വർഷത്തിനുള്ളിൽ വിളവ് ലഭിക്കും. 12വർഷം വരെ തുടരുമെന്ന് കാന്തല്ലൂരിലെ കര്‍ഷകര്‍ പറയുന്നു. നാല് മുതല്‍ 20 ഡി​ഗ്രിവരെയാണ് അനുയോജ്യ കാലാവസ്ഥ.  10അടി അകലത്തിലാണ് ചെടികൾ നടുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top