05 November Tuesday

സഞ്ചാരികൾക്കായി ചില്ലുപാലം 
തുറന്നുകൊടുക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
ഇടുക്കി
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാഗമൺ സാഹസിക പാർക്കിലെ ചില്ലുപാലം തുറക്കണമെന്ന ആവശ്യം ശക്തമായി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ്‌ അടച്ചിട്ടത്‌. ഇപ്പോൾ നാലു മാസമാകുന്നു. കാലാവസ്ഥ മാറിയ സാഹചര്യത്തിൽ വീണ്ടും തുറക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി ബിനു ആവശ്യപ്പെട്ടു.  
മെയ് 30 മുതലാണ് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് പ്രകാരം പാലം അടച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ഇപ്പോഴും തുറന്നുകൊടുക്കാത്തതെന്നാണ്‌ അധികൃതർ പറയുന്നത്‌. ഇത്തവണത്തെ ഓണം സീസണും നഷ്ടമായി. 
വാഗമൺ സാഹസിക പാർക്കിൽ പുതുതായി നിർമിച്ച ചില്ലുപാലത്തിന് ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമുദ്രനിരപ്പിൽനിന്ന‍് 3500 അടി ഉയരത്തിൽ 40മീറ്റർ നീളത്തിൽ മലമുകളിൽ നിർമിച്ചിരിക്കുന്ന കൂറ്റൻ ചില്ലുപാലം 2023ൽ മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമർപ്പിച്ചത്. ഇത്തരം സംരംഭം ഹൈറേഞ്ച്‌ മേഖലയിൽ  ആദ്യമായതിനാൽ  കേട്ടറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടായിരുന്നു.  ഒരുദിവസം 1500 സന്ദർശകർക്കാണ് ചില്ലുപാലത്തിൽ കയറാൻ സൗകര്യമുള്ളത്‌.  ഒരേസമയം 15പേർക്ക് കയറാം. ഒരാൾക്ക് അഞ്ചുമിനുട്ടാണ് അനുവദിക്കുക. ഒമ്പതുമാസം കൊണ്ട് ഡിടിപിസിക്ക് 1.5 കോടിയിലേറെ രൂപ വരുമാനവും നേടാൻ കഴിഞ്ഞിരുന്നു. ഓണാവധിക്ക്‌ ഇത്തവണ വാഗമണ്ണിൽ എത്തിയ സഞ്ചാരികൾക്ക്‌ അവസരം നഷ്ടമായി. ടൂറിസംവകുപ്പിന്‌ വരുമാനവും. അടിയന്തരമായി ചില്ലുപാലം തുറന്നുകൊടുക്കണമെന്നതാണ്‌ പൊതുവേയുള്ള ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top