26 December Thursday
പുതിയ ഇടുക്കി... പുതുമുന്നേറ്റം

ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് 
നാളെ തുടക്കമാകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

 തൊടുപുഴ

ഇടുക്കിയുടെ രാഷ്ട്രീയ, സാമൂഹ്യ, കാർഷിക മേഖലകളിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ജനകീയ വിജയ സന്ദേശ യാത്ര  ഇടുക്കിയിൽ പുതുമുന്നേറ്റം സൃഷ്ടിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ആറുപതിറ്റാണ്ടായുള്ള മലയോര ജനതയുടെ ആവശ്യം അംഗീകരിച്ച് ഭൂ നിയമ ഭേദഗതി യാഥാർഥ്യമാക്കിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. ജില്ലാ സെക്രട്ടറി സിവി വർഗീസ് ക്യാപ്റ്റനായ  ജാഥ വെെകിട്ട് നാലിന് അടിമാലിയിൽ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഷൈലജ സുരേന്ദ്രൻ വൈസ് ക്യാപ്റ്റനും കെ വി ശശി മാനേജരുമായുള്ള കാൽനട പ്രചാരണ ജാഥ 10 ദിവസമാണ് ജില്ലയിൽ പര്യടനം നടത്തുന്നത്.
 സെപ്തംബർ 14ന് കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ഭൂ നിയമ ഭേദഗതിബിൽ പ്രകാരം 1960, 1964, 1993 എന്നീ ഭൂനിയമങ്ങളാണ് ഭേദഗതിചെയ്യുന്നത്. പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാവു എന്ന ചട്ടം ഭേദഗതിചെയ്യും. ഇതുവരെ നടന്നിട്ടുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും ക്രമവൽക്കരിച്ച്, തുടർനിർമാണങ്ങൾക്ക് നിയമസാധുതയും നൽകും. 1964 ലെ ഭൂനിയമചട്ടങ്ങൾ, 1968 ലെ ഹൈറേഞ്ച് കോളനൈസേഷൻ സ്കീം, 1993 ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടം എന്നിങ്ങനെയുള്ളവ ഏകോപിപ്പിച്ച് സമഗ്ര നിയമനിർമാണം നടത്തും. ആയിരക്കണക്കിന് ആരാധനാലയങ്ങൾ,  വിദ്യാഭ്യാസസ്ഥാപനങ്ങൾ, ക്ലബുകൾ, സർക്കാർ– അർധസർക്കാർ സ്ഥാപനങ്ങൾഎന്നിവയ്ക്ക്  ഉപാധികളില്ലാതെ നിയമസാധുത ലഭിക്കും. ലോക ടൂറിസം കേന്ദ്രങ്ങളിൽ 52–-ാം സ്ഥാനത്തുള്ള രാജ്യത്തെ ഏക സംസ്ഥാനമായ കേരളത്തിലെ നിർണായമായ സ്ഥാനമാണ് ഇടുക്കിക്കുള്ളത്. നിർമാണത്തിനുള്ള അനുമതിലഭിക്കുന്നതിലൂടെ മൂന്നാർ, തേക്കടി, വാഗമൺ, ഇടുക്കി, മലങ്കര ഉൾപ്പെടുന്ന ജില്ലയുടെ വിനോദസഞ്ചാര മുന്നേറ്റം അതിവേഗം പുരോഗമിക്കും.   
പുതിയ ഇടുക്കി പുതു മുന്നേറ്റം 
‘പുതിയ ഇടുക്കി പുതുമുന്നേറ്റം’ മുദ്രാവാക്യമുയർത്തിയാണ്‌ ജനകീയ വിജയസന്ദേശ യാത്രക്ക് രൂപം നൽകിയത്. ഭൂനിയമ ഭേദഗതി യാഥാർഥ്യമാക്കിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ, ലോക മാതൃകയായ നവകേരള വികസനം യാഥാർഥ്യമാക്കിയ എൽഡിഎഫ്സർക്കാരിനെ ശക്തിപ്പെടുത്തുക, ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കുന്ന യുഡിഎഫിനെയും നിക്ഷിപ്ത താൽപ്പര്യക്കാരെയും തിരിച്ചറിയുക, കൃഷിക്കാരൻ കണ്ണീരും ദുരിതവും നൽകിയ കാർഷികനയങ്ങൾ കൊണ്ടുവന്നവരെയും നടപ്പാക്കുന്നവരെയും തിരിച്ചറിയുക, ഇന്ത്യയെ മതരാഷ്ട്രമാക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ നടത്തുന്നത്. 
ജാഥാ പര്യടനം 
20ന് തുടങ്ങും
20ന് രാവിലെ എട്ടിന് കല്ലാർകുട്ടിയിൽനിന്ന് പര്യടനം ആരംഭിക്കുന്ന ജാഥ വൈകിട്ട് രാജാക്കാട് സമാപിക്കും. 21ന് രാജകുമാരിയിൽനിന്ന് ആരംഭിച്ച് വൈകിട്ട് നെടുങ്കണ്ടത്ത് സമാപിക്കും. 22ന് തൂക്കുപാലത്ത്നിന്ന് ആരംഭിച്ച് അണക്കരയിൽ സമാപിക്കും. 23ന് ഏലപ്പാറയിൽനിന്ന് തുടങ്ങി ഉപ്പുതറയിലും 24ന് മേരികുളത്ത് ആരംഭിച്ച് കട്ടപ്പനയിലും 25ന് വെള്ളയാംകുടിയിൽ തുടങ്ങി തങ്കമണിയിലാണ‍്  സമാപിക്കുന്നത്. 26ന് തോപ്രാംകുടിയിൽ തുടങ്ങി ചെറുതോണിയിൽ സമാപിക്കും. 27ന് വണ്ണപ്പുറം മുതൽ ഉടമ്പന്നൂർ വരെയും 28ന് മൂലമറ്റത്ത് തുടങ്ങി തൊടുപുഴയിൽ സമാപിക്കും. സമാപനകേന്ദ്രങ്ങളിൽ കേന്ദ്ര സംസ്ഥാന നേതാക്കളായ ഇ പി ജയരാജൻ, ഡോ. തോമസ് ഐസക്, കെ കെ  ശൈലജ, എ കെ ബാലൻ, വി എൻ വാസവൻ, കെ കെ ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ, പി കെ  ബിജു, എം എം മണി എംഎൽഎ, എസ് സതീഷ് എന്നിവർ പങ്കെടുക്കും. 10 ദിവസത്തെ പ്രധാനജാഥയോടൊപ്പം ചേരുന്നതിനായി ഉപജാഥകളും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ നേതാക്കളായ വി വി മത്തായി, എം ജെ മാത്യു, മുഹമ്മദ് ഫൈസൽ, ടി ആർ സോമൻ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top