07 September Saturday

അഭിമാനം അടിമാലി സ്‌കൂൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 18, 2020

പുതുക്കി പണിത അടിമാലി സര്‍ക്കാര്‍ സ്കൂൾ

 അടിമാലി 

അടിമാലിയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക്‌‌ പുതിയൊരു വെളിച്ചം പകര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുകയാണ് അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഹൈടെക് മന്ദിരം. യുഡിഎഫും ബിജെപിയും നാടിന്റെ വികസന മുന്നേറ്റത്തിനെതിരെ ഇല്ലാക്കഥകള്‍ മെനയുമ്പോള്‍ കിഫ്ബിയിലൂടെ കോടികള്‍ മുടക്കി പണിതുയര്‍ത്തിയ മന്ദിരം നാടിന് അഭിമാനമാകുകയാണ്‌. സ്വാതന്ത്ര്യാനന്തരം ഹൈറേഞ്ചിലേക്ക്‌ കുടിയേറിയ ജനതയ്‌ക്ക്‌  ഒരുകാലത്ത്‌ അക്ഷരം അന്യമായിരുന്നു. പിന്നീട് ആലുവ–- മൂന്നാര്‍ പാതയോരത്ത് ആദിവാസികളുടെ സഹായത്തോടെ മുളയും ഈറ്റയുംകൊണ്ട് കുടിപള്ളിക്കൂടം പണിതുയര്‍ത്തി. കാട്ടുമൃഗങ്ങളോട്‌ മല്ലടിച്ച് മണ്ണിനെ പൊന്നാക്കി മാറ്റുന്ന കര്‍ഷകന്റെ മക്കള്‍ക്ക് അങ്ങനെ ഇവിടെ അക്ഷരദീപം തെളിയുകയായിരുന്നു.
  ഹൈറേഞ്ചിലേക്ക്‌ കുടിയേറ്റം തുടങ്ങിയ കാലഘട്ടത്തിലാണ് അടിമാലിയിലും തോക്കുപാറയിലും ദേവിയാര്‍ കോളനിയിലും കുടിപള്ളിക്കൂടങ്ങള്‍ ആരംഭിക്കുന്നത്. ഈറ്റയിലയും പുല്ലും ഓലയും മേഞ്ഞ പള്ളിക്കൂടങ്ങള്‍ പിന്നീട് കെട്ടിടങ്ങള്‍ക്ക് വഴിമാറി. മാറിമാറി വന്ന ഇടതുപക്ഷ സര്‍ക്കാരുകളാണ് സ്കൂളിന്റെ മുഖച്ഛായ മാറ്റിയത്. നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. മന്ദിരങ്ങളെല്ലാം ഹൈടെക്കായി. 
     ഇതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ മൂന്ന്‌ കോടി ചെലവില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിന്‌ ഹൈടെക് മന്ദിരം നിർമിച്ചു നാടിന് സമര്‍പ്പിച്ചു. ക്ലാസ് മുറികള്‍, ലാബുകള്‍, ശുചിമുറികള്‍, അധ്യാപകര്‍ക്കുള്ള പ്രത്യേക മുറികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മികവിന്റെ പുതിയ ഇടങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമൊരുക്കും. നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണ് പുതിയ കെട്ടിടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top