തൊടുപുഴ
ജില്ലയിൽ ഗാർഹിക പീഡനങ്ങൾ വർധിക്കുന്നു. വനിതാ ശിശുവികസന വകുപ്പിന് മുന്നിലെത്തുന്ന പരാതികൾ മുൻ വർഷങ്ങളേക്കാൾ വർധിക്കുകയാണ്. പൈനാവിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസ്, സഖി വൺസ്റ്റോപ്പ് സെന്റർ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ഈ വർഷം 516 ഗാർഹിക പീഡന പരാതികളാണ് ലഭിച്ചതെന്ന് വനിതാ സംരക്ഷണ ഓഫീസർ എ എസ് പ്രമീള പറഞ്ഞു
സേവന കേന്ദ്രങ്ങളിൽ 118, വനിതാ സംരക്ഷണ ഓഫീസിൽ 219, സഖി വൺ സ്റ്റോപ്പ് സെന്ററിൽ 179 ഉം പരാതികളാണ് ലഭിച്ചത്. ഒക്‍ടോബർ 31വരെയുള്ള കണക്കാണിത്. 2023ലെ പരാതികളുടെ എണ്ണം 564 ആയിരുന്നു.
പരാതികളിൽ 96 ശതമാനത്തോളവും ലഹരി ഉപയോഗം കാരണമുള്ള ആക്രമണങ്ങളാണ്. മാനസികാരോഗ്യ കുറവ് കാരണമുണ്ടാകുന്ന സംശയങ്ങളും ഗാർഹിക പീഡനങ്ങൾക്ക് കാരണമാകുന്നുണ്ട്. സ്‍ത്രീധനം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിലും മറ്റ് ജില്ലകളേക്കാൾ ഇടുക്കിയിൽ കുറവാണ്. കുട്ടികളോടുള്ള പെരുമാറ്റത്തിലെ അപാകതകളും പരാതികളിലുണ്ട്. ബലാത്സംഗ പരാതികളും കുറവാണ്. ഇത്തരം സംഭവങ്ങളിൽ വകുപ്പ് സ്വമേധയാ അന്വേഷിക്കാറുണ്ട്. സൈബർ കേസുകൾ രണ്ടെണ്ണം മാത്രമാണ് ഈ വർഷം ഉണ്ടായത്.
ഒപ്പമുണ്ടാകും
പരാതി ലഭ്യമായാൽ വകുപ്പ് രണ്ടുകൂട്ടരെയും വിളിച്ചുവരുത്തും. മധ്യസ്ഥ ചർച്ച നടത്തും. കൗൺസിലിങ്ങാണ് ആവശ്യമെന്ന് തോന്നിയാൽ അത് ലഭ്യമാക്കും. ഇവയ്‍ക്കൊന്നും തയാറായില്ലെങ്കിൽ നിയമ നടപടിക്കായി പരാതിക്കാരിയുടെ സമ്മതത്തോടെ കോടതിയിലേക്ക് വിടും. ആവശ്യമായ നിയമസഹായം സൗജന്യമായി ലഭ്യമാക്കും. ഇത്തരത്തിൽ 178 പേർക്കാണ് വകുപ്പ് കൗൺസിലിങ് നൽകിയത്. പോകാനിടമില്ലാത്ത ഇരുന്നൂറിലേറെ പേർക്ക് അഭയ കേന്ദ്രമൊരുക്കി നൽകി. ഇതിൽ 72ഉം സഖി വൺ സ്റ്റോപ്പ് സെന്ററിലെത്തിയ പരാതികളിലാണ്. ജില്ലയിൽ കട്ടപ്പന സെന്റ് ജോൺ ഓഫ് ഗോഡ്, പൈനാവ് കുയിലിമല ആശ്രയ എന്നിങ്ങനെ രണ്ട് അഭയകേന്ദ്രങ്ങളുണ്ട്(ഷെൽറ്റർ ഹോം). തൊടുപുഴ സേവിയർ ഹോം, അടിമാലി സോപാനം, കുമളി വെസാർഡ് എന്നിവയും വനിതാ വികസന കൗൺസിലിന് കീഴിൽ ചെറുതോണിയിൽ പ്രവർത്തിക്കുന്ന കേന്ദ്രമുൾപ്പെടെ നാല് സേവന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..