22 December Sunday
അടിഞ്ഞുകൂടിയ മാലിന്യം നീക്കി

ഇരട്ടയാര്‍ അണക്കെട്ട്‌ ക്ലീന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024
കട്ടപ്പന
കാലവർഷത്തെ തുടർന്ന് ഇരട്ടയാർ അണക്കെട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കി. ഇരട്ടയാർ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളും മീൻപിടിക്കുന്നവരും ചേർന്നാണ് ശുചീകരണം. സമീപപഞ്ചായത്തുകളിലെ മാലിന്യവും കൈത്തോടുകളിലൂടെ ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. കൂടാതെ, വൃഷ്ടിപ്രദേശങ്ങളിലും റോഡരികിലും തള്ളിയ മാലിന്യവും മഴവെള്ളത്തോടൊപ്പം അണക്കെട്ടിൽ അടിഞ്ഞുകൂടി. ഡാം സേഫ്റ്റി അതോറിറ്റിയാണ് ശുചീകരിക്കേണ്ടത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പഞ്ചായത്ത് ശുചീകരണം ഏറ്റെടുത്തതെന്ന് പ്രസിഡന്റ് ജിഷ ഷാജി പറഞ്ഞു.
വള്ളത്തിൽ മീൻപിടിക്കുന്നവർ മാലിന്യം കരയിലേക്ക് എത്തിച്ചുനൽകി. തുടർന്ന്, ഹരിത കർമസേനാംഗങ്ങൾ തരംതിരിച്ച് സംസ്‌കരിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ എംസിഎഫിലേക്കുമാറ്റി. കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് മൂന്നുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ജലാശയത്തിൽ നിക്ഷേപിച്ചിരുന്നു. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ളവ കെട്ടിക്കിടക്കുന്നത് മത്സ്യസമ്പത്തിനും ഭീഷണിയാണ്. പ്രദേശവാസികൾ ഉൾപ്പെടെ നിരവധിപേരാണ് ഡാമിൽ മത്സ്യബന്ധം നടത്തുന്നത്.
ടണൽമുഖത്തും 
ശുചീകരണം
ഇരട്ടയാർ ഡാമിൽനിന്ന് അഞ്ചുരുളിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണൽമുഖത്ത് അടിഞ്ഞുകൂടിയ മാലിന്യവും നീക്കിത്തുടങ്ങി. പ്ലാസ്റ്റിക്കും മരച്ചില്ലകളും ഉൾപ്പെടെ ഇരുമ്പുവേലിയിൽ കുന്നുകൂടിയിരുന്നു. 
അഞ്ച് കിലോമീറ്റർ നീളമുള്ള ടണലിലൂടെയാണ് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ വെള്ളമെത്തുന്നത്. നീരൊഴുക്ക് തടസപ്പെട്ടുതുടങ്ങിയതോടെയാണ് ഡാം സേഫ്റ്റി അതോറിറ്റി ശുചീകരണം ആരംഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top