കുമളി
കുമളി അട്ടപ്പള്ളം സ്വദേശി വട്ടംതൊട്ടിയിൽ ഫിലിപ്പ് മാത്യുവിനെത്തേടി സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കൃഷി വകുപ്പിന്റെ മികച്ച തേനീച്ച കർഷകനുള്ള അവാർഡാണ് ‘തേനീച്ച ഫിലിപ്പച്ചൻ’ നേടിയിരിക്കുന്നത്. പ്രാദേശിക കടകളിലും ഓൺലൈൻ വിപണിയിലുമടക്കം ‘ഫിലിപ്സ് നാച്ചുറൽ ഹണി ബീ’ എന്ന ബ്രാൻഡ് ലഭിക്കും. വിനോദ സഞ്ചാരമേഖലയായ കുമളിയിലും തേക്കടിയിലുമെത്തുന്ന സഞ്ചാരികൾ ‘ഫാം ടൂറി’നായി ഫിലിപ്പിന്റെ വീട് തേടിയെത്തുന്നുണ്ട്. 10 പെട്ടികളുമായി തേനീച്ച വളർത്തൽ തുടങ്ങിയ ഫിലിപ്പ് മാത്യു തേനീച്ച കർഷകൻ മാത്രമല്ല. സംരംഭകനും പരിശീലകനുംകൂടിയാണ്. വീടിനോടുചേർന്ന് തേനീച്ചകൾ വിഹരിക്കുന്ന മധുരോദ്യാനം തന്നെയുണ്ട്. നിശ്ചിത അകലത്തിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടികൾ നിറഞ്ഞ തേനറകളാൽ സമൃദ്ധം. വീട്ടുപരിസരത്തും ചെങ്കദളിവാഴത്തോപ്പിലുമായി ആയിരത്തിലധികം പെട്ടികൾ. 2014ൽ സംസ്ഥാന കർഷക അവാർഡ്, 2015ൽ ദേശീയ അവാർഡ്, 14 സംസ്ഥാനതല അവാർഡുകൾ, 50ലധികം ജില്ലാ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെത്തേടിയെത്തി.
തേനീച്ചകൃഷിയിലേക്ക്
നാല് തലമുറ നീളുന്ന തേനീച്ചകൃഷിയുടെ വിജയഗാഥയിലെ മൂന്നാമത്തെ കണ്ണിയാണ് ഫിലിപ്പ് മാത്യു. മുത്തച്ഛൻ പീലിപ്പോസിൽനിന്ന് അച്ഛൻ മാത്യുവിലേക്കും തുടർന്ന് ഫിലിപ്പ് മാത്യുവിലേക്കും പകർന്നുകിട്ടിയ അറിവ് അടുത്ത തലമുറക്കാരനായ ടോം ഫിലിപ്പിലൂടെ തുടരുന്നു. 30 വർഷം മുമ്പ് കോട്ടയം അയർക്കുന്നം മറ്റക്കരയിൽനിന്ന് കുമളിയിലേക്ക് കുടിയേറിയതാണ് ഫിലിപ്പ്. ചെറുപ്പംമുതൽ കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചതാണ് കൃഷിയുടെ ബാലപാഠങ്ങൾ. കൊച്ചുകുട്ടികൾ തുമ്പിയെകൊണ്ട് കല്ലെടുപ്പിച്ച് കളിപ്പിക്കുന്ന പ്രായത്തിൽ അതേലാഘവത്തോടെ, 10–--ാം വയസിൽ തുടങ്ങിയതാണ് തേനീച്ച വളർത്തലെന്ന് ഫിലിപ്പ് അഭിമാനത്തോടെ പറയുന്നു.
കൃഷി ഇങ്ങനെ
എപിസ് സെറാന ഇൻഡിക്ക(ഇന്ത്യൻ തേനീച്ച) വിഭാഗത്തിൽപ്പെട്ട ചെറുതേനീച്ചകളും വൻതേനീച്ചകളുമാണ് നിലവിലുള്ളത്.
ഇറ്റാലിയൻ തേനീച്ച ഉണ്ടായിരുന്നെങ്കിലും ആദായമില്ലെന്ന് ഫിലിപ്പ് പറയുന്നു. വീടിനോടുചേർന്നുള്ള 1000 പെട്ടികൾക്കു പുറമെ 15 ഫാമുകളിൽ സ്ഥാപിച്ചിട്ടുള്ള 10,000 പെട്ടികളിൽനിന്നെടുക്കുന്ന തേൻ വീടിനോട് ചേർന്നുള്ള ‘ഫിലിപ്‌സ് നാച്ചുറൽ ഹണി ആൻഡ് ബീ’ ഫാമിലെത്തിക്കും. പച്ചത്തേനിലുള്ള വെള്ളം രണ്ടു മൂന്ന് ദിവസത്തെ നിർജലീകരണ പ്രക്രിയക്കുശേഷമാണ് കുപ്പികളിൽ നിറച്ച് വിപണിയിലെത്തിക്കുന്നത്. വൻതേനീച്ചയുടെ ഒരു പെട്ടിയിൽനിന്ന് പ്രതിവർഷം 20 കിലോഗ്രാമും ചെറുതേൻ 750 ഗ്രാമും ലഭിക്കും. പ്രതിവർഷം 60,000 ലിറ്റർ തേൻ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ജനുവരി–ജൂൺ മാസത്തിലാണ് തേനെടുക്കൽ. നാലുവർഷത്തിനിടെ ഏറ്റവും മികച്ച വിളവെടുപ്പാണ് ഇത്തവണ ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
വിപണനം
‘ഫിലിപ്‌സ് നാച്ചുറൽ ഹണി ബീ'' എന്നപേരിൽ വിപണിയിലെത്തിക്കുന്ന തേനിന് വിദേശത്തും സ്വദേശത്തുമായി ആവശ്യക്കാരേറെയാണ്. ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. വിദേശീയരുൾപ്പെടെയുള്ള സന്ദർശകർക്ക് ‘തേനീച്ച കാര്യങ്ങൾ’ വിവരിക്കാൻ മകൻ ടോമും മരുമകൾ മരിയയുമുണ്ട്. ബിടെക് ബിരുദധാരിയായ മകൻ ജോലി ഉപേക്ഷിച്ച് മാർക്കറ്റിങ് കാര്യങ്ങൾ നോക്കുന്നു. ഭാര്യ ജയ്‌മോളും പിന്തുണയുമായി ഒപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..