05 November Tuesday

സമ്മിശ്രകൃഷിയിലെ പുതിയപാഠത്തിന്‌ ഫുൾമാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024
പുറ്റടി
മണ്ണറിഞ്ഞ്‌ വിത്തെറിഞ്ഞ കർഷകന്‌ സംസ്ഥാന സർക്കാർ അംഗീകാരം. രാജാക്കണ്ടം ചെമ്പകശേരിൽ സി ഡി രവീന്ദ്രൻ നായർ കൃഷിവകുപ്പിന്റെ സിബി കല്ലിങ്കൽ സ്‌മാരക കർഷകോത്തമ അവാർഡ് നേടിയ ആഹ്ലാദത്തിലാണ്. സമ്മിശ്രകൃഷിയിലെ നേട്ടങ്ങള്‍ക്കാണ് അവാർഡ്. സ്വന്തമായുള്ള 13 ഏക്കറിലും പാട്ടത്തിനെടുത്ത ഏഴ്‌ ഏക്കറിലും വ്യാപിച്ചു കിടക്കുകയാണ്‌ തോട്ടം. നെല്ലുമുതൽ പുല്ലുവരെ കൈവയ്‍ക്കാത്ത കൃഷികളൊന്നുമില്ല. നിയമസഭ മന്ദിരത്തിലെത്തി രണ്ടുലക്ഷം രൂപയും ഫലകവും പ്രശസ്‍തിപത്രവുമടങ്ങുന്ന അവാർഡ്‌ സ്വീകരിച്ചു. 
സമ്മിശ്രകൃഷി
രവീന്ദ്രൻ നായരുടെ തോട്ടത്തിൽ വിളയാത്തതൊന്നുമില്ല. പാട്ടത്തിനെടുത്ത പാടത്ത്‌ നെല്ല് വിളയുന്നു. ഏലം, കാപ്പി, കുരുമുളക്, ജാതി, ചേന, ചേമ്പ്‌, വാഴ, ഇഞ്ചി, മഞ്ഞൾ, സർവസുഗന്ധി, കടപ്ലാവ്‌, നാരകം തുടങ്ങിയവയും തീറ്റപ്പുല്ലും ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ട്‌. ഡയറി, കോഴി ഫാമുകള്‍ വേറെ. ജൈവകൃഷിയാണ് അവലംഭിച്ചിരിക്കുന്നത്‌. ഫാമിൽനിന്ന്‌ ലഭിക്കുന്ന ചാണകം കമ്പോസ്റ്റാക്കും. വീട്ടാവശ്യത്തിനുള്ള ജൈവഗ്യാസും സ്വയം ഉൽപ്പാദിപ്പിക്കുന്നുണ്ട്. 
കയറ്റുമതി നിലവാരത്തിൽ മാസ്‌ എന്റർപ്രൈസസാണ്‌ ഏലം വാങ്ങുന്നത്‌. ഇതിൽനിന്ന് അഞ്ചുലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുമെന്ന്‌ ഇദ്ദേഹം പറഞ്ഞു. 33 വർഷം മുമ്പ്‌ ഒറ്റപ്പശുവിലാണ് കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയത്. ഇന്ന് 40 പശുക്കളുണ്ട്. ജഴ്‌സി, എച്ച്‌എഫ്‌ എന്നീ ഇനങ്ങളാണുള്ളത്‌. ദിവസം ശരാശരി 250 ലിറ്റർ പാൽ ലഭിക്കും. പശുവിൽനിന്ന്‌ മാത്രം ദിവസം 3000 രൂപ വരുമാനമുണ്ട്. 
ആടുകളെ വളർത്തുന്നത്‌ പ്രജനനത്തിനായാണ്‌. 30 ആടുകളിൽ അധികവും ബീറ്റൽ, മലബാറി ഇനങ്ങളുടെ സങ്കരമാണ്‌. ജമ്‌നാപ്യാരിയുമുണ്ട്. നല്ലയിനം ആട്ടിൻകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച്‌ വിൽക്കുന്നു. കോഴി ഫാമില്‍ 350 കോഴികളുണ്ട്. 30ല്‍നിന്നാണ് തുടക്കം. ബിവി 380 മുട്ടക്കോഴിയാണ്‌ ഫാമിലുള്ളത്‌. വർഷം 320 മുട്ടവരെ ലഭിക്കും. മത്സ്യകൃഷിയിലൂടെയും വരുമാനമുണ്ട്. 
കൃഷിയിലേക്ക്‌ 
പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം ചെറുപ്രായത്തിൽ പിതാവിനൊപ്പമാണ്‌ ഹൈറേഞ്ചിലെത്തിയത്‌. കൃഷിയിലേക്കടുപ്പിച്ചതും അച്ഛൻ തന്നെ. 50 വർഷം മുമ്പാണ്‌ കൃഷിചെയ്‌തു തുടങ്ങിയത്‌. പോസ്‌റ്റുമാനായിരുന്ന ഇദ്ദേഹം 1993ൽ വിരമിച്ചശേഷമാണ്‌ മുഴുവൻസമയം കർഷക കുപ്പായമണിയുന്നത്‌. 30 വർഷമായി കൃഷി തന്നെയാണ്‌ പ്രധാന വരുമാനം. 
ദിനചര്യ/കൃഷിചര്യ
പുലർച്ചെ 4.30 ആകുമ്പോഴേക്കും രവീന്ദ്രൻ നായര്‍ ഡയറി ഫാമിലുണ്ടാകും. പശുക്കളെയും ആടുകളെയും പരിചരിച്ച്‌ തിരികെ വീട്ടിലെത്തും. ചൂട് കാപ്പിക്കൊപ്പം ദേശാഭിമാനിയും വായിച്ചശേഷം കൃഷികാര്യങ്ങള്‍ക്കായി തോട്ടത്തിലേക്ക്. വൈകിട്ട്‌ 7.30വരെ ഇത് നീളും. ഭാര്യ ശോഭനയും   മകൻ പ്രണവും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്‌. 10 ജോലിക്കാരും സഹായത്തിനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top