രാജാക്കാട്
രാജാക്കാട്–-കുഞ്ചിത്തണ്ണി–-അടിമാലി പാതയിൽ തേക്കിന്‍കാനത്തിന് സമീപമാണ് കണ്ണിനും മനസിനും നവ്യാനുഭൂതി പകരുന്ന ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്. 30 മീറ്ററിലധികം വീതിയിൽ വെളളിച്ചില്ലുകൾപോലെ പതിക്കുന്ന ജലപാതത്തിന്റെ ഭംഗി ആസ്വദിക്കേണ്ട കാഴ്‌ചതന്നെ. മൂന്നാര്‍ നല്ലതണ്ണി മലനിരകളില്‍ ഉത്ഭവിക്കുന്ന മുതിരപ്പുഴയാര്‍ റിപ്പിൾ വാട്ടർ ഫാൾസ് ഉൾപ്പെടെ നിരവധി വെള്ളച്ചാട്ടങ്ങൾക്ക് ജന്മമേകികൊണ്ടാണ് ഒഴുകിയിറങ്ങുന്നത്. രാജാക്കാട്, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലൂടെയാണ് പുഴയൊഴുകുന്നത്. കടുത്ത വേനലിലും ജലസമൃദ്ധം.
തട്ടുതട്ടുകളായുള്ള അഞ്ച് വെള്ളച്ചാട്ടങ്ങളാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിന്റെ സവിശേഷത. പുഴയുടെ മധ്യഭാഗംവരെ നിരനിരയായി പാറക്കെട്ടുകളുള്ളതുകൊണ്ടുതന്നെ സുരക്ഷിതവുമാണ്. 150 അടിയോളം താഴ്‌ചയുള്ള വെള്ളച്ചാട്ടമാണ് ഉള്ളതില്‍ വലുത്. പാറകളിൽ തട്ടിച്ചിതറുന്ന ജലകണങ്ങൾ മനസിനും ശരീരത്തിനും ഉന്മേഷദായകമാണ്.
സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. 1.8 കോടി രൂപ മുടക്കിയാണ് ശ്രീനാരായണപുരത്തിന്റെ മുഖച്ഛായ മാറ്റിയത്. നടപ്പാത, പവലിയനുകള്‍, കഫ്‌റ്റീരിയ, ശൗചാലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി റിപ്പിൾ വാട്ടർ ഫാൾസ് മാറിയിട്ടുണ്ട്. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ രാജാക്കാട്, വെള്ളത്തൂവല്‍ പഞ്ചായത്തുകളുടെ വികസന സ്വപ്‌നങ്ങൾക്കും കരുത്തുപകരുന്നുണ്ട്.
സാഹസിക സഞ്ചാരികൾക്കും സ്വാഗതം
ഉരുക്കുവടത്തിൽ തൂങ്ങി മുതിരപ്പുഴയാറിന് കുറുകെ പറക്കാൻ സാഹസിക സഞ്ചാരികൾക്ക് അവസരവുമുണ്ട്. പതഞ്ഞൊഴുകുന്ന മുതിരപ്പുഴയാറിനും പാൽനുരചുരത്തുന്ന വെള്ളച്ചാട്ടത്തിനും മുകളിലൂടെയുള്ള സിപ്‌ലൈൻ യാത്ര സാഹസിക സഞ്ചാരികൾക്ക് ആവേശം പകരും. മുതിരപ്പുഴയാറിന് കുറുകെ 225 മീറ്ററിലധികം നീളത്തിലാണ് സിപ്‌ലൈൻ. മറുകരയിലേക്ക് പോകുന്നതിലും 30 അടി ഉയരത്തിലാണ് തിരികെയാത്ര. ഈ വരവിലാണ് മനോഹരമായ ആകാശക്കാഴ്ച ആസ്വദിക്കാനാവുക. അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് റോപ്പുകളിൽകൂടി ഒരേസമയം രണ്ടുപേർക്ക് നീങ്ങാം. റോപ്പിന് 1500 കിലോഗ്രാം ഭാരംവരെ താങ്ങാനുള്ള ശേഷിയുണ്ട്. മൂന്നാറിൽനിന്ന് 20 കിലോമീറ്ററും അടിമാലിയിൽനിന്ന് 22 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. ശ്രീനാരായണപുരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊന്മുടി–- ആനയിറങ്ങൽ അണക്കെട്ടുകൾ, സ്വർഗംമേട്, കൊളുക്കുമല, ചതുരംഗപ്പാറ, തൂക്കുപാലം, കള്ളിമാലി–-നാടുകാണി വ്യൂ പോയിന്റുകൾ തുടങ്ങിയ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..