തൊടുപുഴ
സിപിഐ എമ്മിന്റെ കരുതലിൽ പ്രമോദിന് ഇനി സുന്ദരഭവനത്തിൽ അന്തിയുറങ്ങാം. ബുധനാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് നെല്ലാപ്പാറ മടങ്ങനാനിക്കൽ പ്രമോദിനും കുടുംബത്തിനും താക്കോൽ കെെമാറിയപ്പോൾ പൂവണിഞ്ഞത് വീടെന്ന സ്വപ്നം.
ചടങ്ങിൽ സിപിഐ എം കരിങ്കുന്നം ലോക്കൽ സെക്രട്ടറി കെ ജി ദിനകറിന്റെ അമ്മ പത്മിനി പ്രമോദിന് സ്ഥലത്തിന്റെ ആധാരവും നൽകി. പ്രമേഹവൂം വൃക്കരോഗവും മൂലം എല്ലാം നഷ്ടമായ പ്രമോദിനെ പാർടി കെെപിടിച്ചുയർത്തിയത് പുതുജീവിതത്തിലേക്ക്. ആറുമാസം കരിങ്കുന്നത്തെ സിപിഐ എം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അഞ്ചരലക്ഷം രൂപയ്ക്ക് രണ്ടുമുറികളും ഹാളും അടുക്കളയും ശൗചാലയവുമുള്ള മനോഹരഭവനം പൂർത്തിയാക്കിയത്.
വെൽഡിങ് ജോലി ചെയ്‌ത് കുടുംബം പുലർത്തിയിരുന്ന പ്രമോദിന്റെ ജീവിതം മാറ്റിമറിച്ചത് പ്രമേഹരോഗമായിരുന്നു. ആദ്യം കണ്ണുകളുടെ കാഴ്‌ച നഷ്ടപ്പെട്ടു. ഓപ്പറേഷനിലൂടെ ഒരു കണ്ണിന് കാഴ്‌ച തിരികെ ലഭിച്ചെങ്കിലും ഇരുവൃക്കകളുടെ പ്രവർത്തനം തകരാറിലായി. ചികിത്സയ്ക്കായി സ്വന്തമായി ലഭിച്ച തറവാട്ട് സ്വത്തും വിൽക്കേണ്ടിവന്നു. ജീവിതം സഹോദരന്മാരുടെ വീടുകളിലായി. ആഴ്‌ചയിൽ മൂന്ന് ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. രോഗം ബാധിക്കുകയും വരുമാനം നിലയ്ക്കുകയുംചെയ്‌തതോടെ സ്വന്തമെന്ന് കരുതിയിരുന്ന പലരും അകൽച്ച പ്രകടിപ്പിക്കാനും തുടങ്ങി. ഈ സമയത്താണ് സിപിഐ എം കരിങ്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജി ദിനകർ തന്റെ അഞ്ച് സെന്റ് ഭൂമി പ്രമോദിന് സൗജന്യമായി നൽകിയത്. ഇവിടെ കഴിഞ്ഞ മാർച്ചിൽ സിപിഐ എം തൊടുപുഴ വെസ്‌റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ സ്‌നേഹവീടിന് തറക്കല്ലിട്ടു. വീടിന് കട്ടിളവച്ചത് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..